ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പതിനഞ്ച് കോടിയുടെ ചെക്ക് ദേവസ്വത്തിന് കൈമാറിയതോടെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ യാഥാർത്ഥ്യത്തിലേക്ക്. റെയിൽവേ സ്റ്റേഷന് സമീപത്തെ ദേവസ്വം ഭൂമിയായ തിരുത്തിക്കാട്ട് പറമ്പിലാണ് ആശുപത്രി തുടങ്ങാൻ ആദ്യം പദ്ധതിയിട്ടത്. എന്നാൽ പിന്നീട് തെക്കേനടയിലെ നിലവിലെ ദേവസ്വം മെഡിക്കൽ സെന്ററിന് തെക്കുഭാഗത്തെ രണ്ടര ഏക്കർ സ്ഥലത്തേയ്ക്ക് മാറ്റി.
85,000 ചതുരശ്രയടിയിൽ നാലുനിലയിലാണ് കെട്ടിട നിർമ്മാണം. 2024 ജൂലായ് 30ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ തറക്കല്ലിട്ടു. 58.50 കോടിയുടെ എസ്റ്റിമേറ്റ് ദേവസ്വം കമ്മിഷണറുടെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കാനായിരുന്നു പദ്ധതി. കാഞ്ഞങ്ങാട്ടുള്ള ദാമോദരൻ ആർക്കിടെക്ട് എന്ന സ്ഥാപനമാണ് രൂപരേഖ തയ്യാറാക്കിയത്.
ദേവസ്വത്തിന് മേൽനോട്ടം
നിലവിലെ ദേവസ്വം മെഡിക്കൽ സെന്ററിൽ ആധുനിക ചികിത്സാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. 15 കോടി ആശുപത്രി നിർമ്മാണത്തിന് ലഭിച്ചതോടെ കമ്മിഷണറുടെ അനുമതി വേഗത്തിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭക്തരും ദേവസ്വവും. ദേവസ്വത്തിന്റെ മേൽനോട്ടത്തിലാകും ആശുപത്രിയുടെ നടത്തിപ്പ്. 2022ൽ ഗുരുവായൂരിലെത്തിയ മുകേഷ് അംബാനിയോട് ആശുപത്രി നിർമ്മാണത്തിന് ദേവസ്വം സാമ്പത്തികസഹായം ആവശ്യപ്പെട്ടിരുന്നു. പിന്നീട് അംബാനിയുടെ മകനെത്തിയപ്പോൾ ആശുപത്രിയുടെ രൂപരേഖയും കൈമാറി. എന്നാൽ സാമ്പത്തികസഹായത്തെ കുറിച്ച് അംബാനി ഉറപ്പ് നൽകാത്തതിനാൽ ദേവസ്വം ഫണ്ട് ഉപയോഗിച്ച് നിർമ്മാണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ദേവസ്വം.
നാല് നിലയിൽ കെട്ടിടം
വിസ്തീർണം 85,000 ചതുരശ്രയടി
മൊത്തം ചെലവ് 58.50 കോടി.
രൂപരേഖ തയ്യാറാക്കിയത് ദാമോദരൻ ആർക്കിടെക്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |