
തൃശൂർ: എസ്.എൻ.ഡി.പി യോഗത്തിലേക്ക് വഴി തെറ്റിവന്നതാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജയിച്ചത് എന്റെ ഗുണം കൊണ്ടല്ല, എതിരാളികളുടെ ദോഷം കൊണ്ടാണ്. ശാശ്വതീകാനന്ദ സ്വാമിയും കേരളകൗമുദി ചീഫ് എഡിറ്ററായിരുന്ന എം.എസ്.മണിയും എനിക്കൊപ്പം നിന്നിരുന്നു. എസ്.എൻ.ഡി.പി യോഗം നേതൃപദവിയിൽ മുപ്പതാണ്ട് തികച്ച വെള്ളാപ്പള്ളി നടേശന് തൃശൂർ യൂണിയൻ സംഘടിപ്പിച്ച ആദരം പരിപാടിയിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നേതൃത്വത്തിലേക്ക് വരുമ്പോൾ കരാറുകാരൻ, കള്ളുകച്ചവടക്കാരൻ എന്നൊക്കെ വിളിച്ച് ഏറ്റവുമധികം വിമർശിച്ചത് തൃശൂരിൽ നിന്നായിരുന്നു. അവിടെ നിന്നും ഇപ്പോൾ ആദരം നേടുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ആദ്യം എസ്.എൻ ട്രസ്റ്റിലേക്കാണ് വന്നത്. പിന്നീടാണ് യോഗത്തിലേക്കെത്തിയത്. തെങ്ങിനെയും കയർപിരിയെയും ആശ്രയിച്ച് കഴിഞ്ഞ ഈഴവരാദി പിന്നാക്കക്കാരുടെ ഉന്നമനത്തിനായാണ് പ്രവർത്തനം തുടങ്ങിയത്. മാനവസേവ, മാധവസേവ എന്ന മുദ്രാവാക്യവുമായി പ്രവർത്തിച്ച തന്നെ കൊല്ലാൻ വരെ ശ്രമമുണ്ടായി. എന്നാൽ, ഈ 89ാം വയസിലും ഓടിനടക്കുന്നതിന് കാരണം പാവപ്പെട്ടവരുടെ പ്രാർത്ഥനയാണെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.
ആദരസമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദർശനത്തിന്റെ പ്രചാരകരാകാൻ യോഗത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അതിന് പിന്നിൽ ജനറൽ സെക്രട്ടറിയെന്ന നിലയിൽ വെള്ളാപ്പള്ളി നടേശന്റെ പരിശ്രമമുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി.പ്രസന്നൻ അദ്ധ്യക്ഷനായി. എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ വിശിഷ്ടപ്രഭാഷണം നിർവഹിച്ചു. കേന്ദ്രവനിതാ സംഘം സെക്രട്ടറിയും കേന്ദ്ര സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സണുമായ അഡ്വ.സംഗീത വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ യൂണിയൻ ഭാരവാഹികളായ ബ്രുഗുണൻ മനയ്ക്കലാത്ത് (മണ്ണുത്തി), ടി.കെ.രവീന്ദ്രൻ (പുതുക്കാട്) എന്നിവർ വിശിഷ്ടാതിഥികളായി. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ എൻ.വി.രഞ്ജിത്ത്, എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി, സെക്രട്ടറി മുകുന്ദൻ കുരുമ്പേപറമ്പിൽ എന്നിവർ ആശംസാപ്രസംഗം നടത്തി. യൂണിയൻ ഭാരവാഹികളായ പി.ബി.ഇന്ദിരദേവി ടീച്ചർ, പി.വി.വിശ്വേശ്വരൻ, എൻ.വി.മോഹൻദാസ്, കെ.ആർ.ഉണ്ണിക്കൃഷ്ണൻ, കെ.കെ.ഭാഗീരഥൻ, കെ.ആർ.മോഹനൻ, പി.കെ.കേശവൻ, എ.കെ.ഗംഗാധരൻ, കെ.എസ്.വിശ്വംഭരൻ, പത്മിനി ഷാജി, വി.ഡി.സുഷിൽകുമാർ എന്നിവർ നേതൃത്വം നൽകി. യൂണിയൻ സെക്രട്ടറി മോഹൻ കുന്നത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ടി.ആർ.രഞ്ജു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |