
തൃശൂർ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ 64ാമത് കേരള സ്‌കൂൾ കലോത്സവത്തിന്
സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ആതിഥ്യമരുളുമ്പോൾ പ്രതീക്ഷിക്കുന്നത് വൻ ജനസഞ്ചയത്തെ. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയും സമാപനത്തിന് നടൻ മോഹൻലാൽ എത്തുന്നതും നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രധാന പരിപാടികളിലൊന്നാണ് എന്നതും മേളയെ ശ്രദ്ധേയമാക്കുകയാണ്. അതുകൊണ്ടു തന്നെ നിയന്ത്രണങ്ങളും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും. സംഘാടകസമിതി രൂപീകരണ യോഗത്തിലെ തിരക്കുപോലും അദ്ഭുതപ്പെടുത്തിയെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തൃശൂരിൽ പറഞ്ഞത്.
കലോത്സവ വിജയികൾക്ക് സ്വർണ്ണക്കപ്പും കലാതിലക പട്ടങ്ങളും സമ്മാനിക്കാൻ തുടങ്ങിയ 1986ൽ തൃശൂരായിരുന്നു വേദിയായത്. 1994, 2004, 2012, 2018 വർഷങ്ങളിലും തൃശൂരിൽ കലോത്സവം അരങ്ങേറി. തൃശൂരിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന രീതിയിൽ കലോത്സവത്തെ മാറ്റാനാണ് ഒരുക്കങ്ങൾ നടക്കുന്നത്. കലാപൈതൃകവും തൃശൂരിന്റെ സാംസ്‌കാരിക ഐക്യ ചിഹ്നങ്ങളും സംയോജിപ്പിച്ചാണ് ലോഗോയും തയ്യാറാക്കിയത്.
വിധികർത്താക്കളിൽ കണ്ണ്
സ്‌കൂൾ കലോത്സവത്തിന്റെ വിധികർത്താക്കർ കർശന പൊലീസ് വിജിലൻസ് നിരീക്ഷണത്തിലായിരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. വിധികർത്താക്കളിൽനിന്ന് സത്യപ്രസ്താവന എഴുതി വാങ്ങി ഇതിലേതെങ്കിലും ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കും. പരാതി രഹിത മേളയാക്കാനുളള നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. കലോത്സവത്തിന്റെ കൂടുതൽ വിവരങ്ങൾക്കും മത്സരഫലങ്ങൾക്കുമായി ഔദ്യോഗിക വെബ്‌സൈറ്റുമുണ്ട്.
ശബ്ദകോലാഹലങ്ങളില്ല
വേദിയിലുള്ളവർക്ക് കേൾക്കാൻ മതിയാകുന്ന ശബ്ദനിലയ്ക്ക് സൗണ്ട് സിസ്റ്റം നിയന്ത്രിച്ച്, കുട്ടികളുടെ ശ്രവ്യശേഷിക്ക് ദോഷകരമായ അതിരുകടന്ന ശബ്ദ മലിനീകരണം ഒഴിവാക്കണമെന്നാണ് നിർദ്ദേശം. അധിക ഷുഗർ, എണ്ണ, ജങ്ക്ഫുഡ് എന്നിവ ഒഴിവാക്കി, പച്ചക്കറികളും പഴങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണമാണ് നൽകുന്നത്. പേപ്പർ കപ്പ്, പ്ലാസ്റ്റിക് സാധനങ്ങൾ, മിനറൽ വാട്ടർ ബോട്ടിൽ, പ്ലാസ്റ്റിക് അലങ്കാരങ്ങൾ എന്നിവയ്ക്ക് കർശന വിലക്ക് ഏർപ്പെടുത്തി, സ്വന്തം വെള്ളക്കുപ്പി കൊണ്ടുവരാനും പരിസ്ഥിതി സൗഹൃദ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിക്കാനും കുട്ടികളെ പോത്സാഹിപ്പിക്കും.
കുട്ടികളെ പ്രാപ്തിയുള്ള പൗരന്മാരായി മാത്രമല്ല, ഉത്തരവാദിത്തമുള്ള പൗരന്മാരായി വളർത്തുകയാണ് പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതിനാലാണ് മത്സരത്തിൽ നിന്ന് ഭക്ഷണം വരെ, ഉപഭോഗത്തിൽ നിന്ന് പെരുമാറ്റം വരെ, കലോത്സവത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉത്തരവാദിത്തത്തിന്റെ വലിയ പാഠം ഉൾപ്പെടുത്തുന്നത്.
-വി.ശിവൻകുട്ടി, മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |