
തൃശൂർ: തമ്മിൽ തല്ലും ബഹളവും നിറഞ്ഞ് ഡി സോൺ. കലോത്സവത്തിന്റെ പൊലിമ നഷ്ടപ്പെടുത്തി കഴിഞ്ഞ ദിവസം എം.എസ്.എഫും കെ.എസ്.യുവും ഏറ്റുമുട്ടി. കഴിഞ്ഞ വർഷം സംഘർഷം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ഇത്തവണ കൂടുതൽ പൊലീസെത്തിയിട്ടും വിഡിയോ നിരീക്ഷണം ഉണ്ടായിട്ടും സംഘർഷം തടയാനായില്ല. കഴിഞ്ഞ വർഷം എസ്.എഫ്.ഐയും കെ.എസ്.യുവും ഏറ്റുമുട്ടി നേതാക്കളുടെ ജയിൽവാസമെല്ലാം നടന്നതിന്റെ തുടർച്ചയെന്നോണമാണ് ഇക്കുറിയും സമാപന ദിവസത്തിലെ ഏറ്റുമുട്ടൽ. കഴിഞ്ഞ വർഷം മാള ഹോളി ഗ്രേസ് കോളേജിൽ നടന്ന കലോത്സവത്തിനിടെയായിരുന്നു സംഘർഷം. ഇരുവിഭാഗത്തിലുമായി 15ഓളം പേർക്ക് പരുക്കേറ്റിരുന്നു. പരിക്കേറ്റവരെ കൊണ്ടു പോയിരുന്ന ആംബുലൻസ് വഴിയിൽ തടഞ്ഞ സംഭവവും ഉണ്ടായി. ഇത്തവണ പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിലായിരുന്നു കലോത്സവം.
കഴിഞ്ഞ ദിവസം വൈകിട്ട് അവസാനിക്കേണ്ട കലോത്സവം സമാപിച്ചത് ഇന്നലെ പുലർച്ചെയായിരുന്നു. ഇതിനു മുമ്പായിരുന്നു സംഘട്ടനം. സംഘർഷത്തിൽ പരിക്കേറ്റ രണ്ടുപേരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അജ്മലിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. സംഘർഷത്തെ തുടർന്ന് സംഘാടക സമിതി ഓഫീസ് പൊലീസ് അടച്ചുപൂട്ടി. രണ്ടു സി.ഐമാരുടെ നേതൃത്വത്തിൽ ഇരുന്നൂറിലധികം പൊലീസുകാരാണ് കലോത്സവവേദിയിൽ മത്സരാർഥികൾക്കും വിദ്യാർത്ഥികൾക്കും സുരക്ഷ ഒരുക്കുന്നത്. ഇത്തവണ എസ്.എഫ്.ഐ കലോത്സവം ബഹിഷ്കരിച്ചിരുന്നു. എം.എസ്.എഫിനായിരുന്നു ഇത്തവണ നടത്തിപ്പ് ചുമതല. വിദ്യാർത്ഥി യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന കലോത്സവങ്ങളിൽ മിക്ക വർഷങ്ങളും കലുഷിതമായാണ് അവസാനിക്കാറുള്ളത്.
മത്സരാർത്ഥികൾ കുറഞ്ഞു
കലോത്സവങ്ങളിലെ ജനപ്രിയ ഇനങ്ങളിൽ പോലും ഇത്തവണ മത്സരാർത്ഥികൾ കുറവായിരുന്നു. എല്ലാവർഷവും പത്തിലേറെ നാടകങ്ങൾ അരങ്ങേറിയിരുന്നിടത്ത് ഇത്തവണ നാലെണ്ണം മാത്രമാണ് അരങ്ങിലെത്തിയത്. മത്സരങ്ങളുടെ സമയക്രമങ്ങൾ പാലിക്കുന്നതിൽ സംഘാടകർ കാട്ടിയ പിഴവ് മത്സരാർത്ഥികളെ തെല്ലൊന്നുമല്ല വലച്ചത്. എല്ലാ ദിവസവും പുലർച്ചെയാണ് അവസാനിച്ചത്.
ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
അൻസാർ കോളേജിൽ നടന്ന ഡി സോൺ കലോത്സവത്തിൽ ക്രൈസ്റ്റ് കോളേജ് കിരീടം ചൂടി. 319 പോയിന്റ് നേടിയാണ് ക്രൈസ്റ്റ് ജേതാക്കളായത്. 241 പോയിന്റ് കരസ്ഥമാക്കിയ തൃശൂർ സെന്റ് തോമസ് കോളേജ് രണ്ടാംസ്ഥാനം നേടിയപ്പോൾ 155 പോയിന്റുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് മൂന്നാംസ്ഥാനം നേടി. സമാപനച്ചടങ്ങ് കാലിക്കറ്റ് സർവകലാശാല സെനറ്റ് മെമ്പർ ഡോ. വി.എം.ചാക്കോ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |