
തൃശൂർ: സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ അഖിലേന്ത്യ പണിമുടക്ക് ജില്ലയിൽ പൂർണം. തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെയും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചുമാണ് പണിമുടക്ക്. അനിഷ്ടസംഭവങ്ങളില്ലാതെ സമാധാനപരായിരുന്നു പണിമുടക്ക്. ഇടതു സംഘടനകളും യു.ഡി.എഫ് അനുകൂല സംഘടനകളും സമരത്തിൽ പങ്കാളികളായതോടെ സർക്കാർ സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും നിരത്തിലിറങ്ങിയില്ല. ശക്തൻ പച്ചക്കറി മാർക്കറ്റും മത്സ്യമാർക്കറ്റും അടഞ്ഞു കിടന്നു. സ്‌കൂളുകളും പ്രവർത്തിച്ചില്ല.
നൂറിലേറെ കേന്ദ്രങ്ങളിൽ പ്രകടനം
പണിമുടക്കിന്റെ ഭാഗമായി ജില്ലയിൽ ഇടതു സംഘടനകളുടെ നേതൃത്വത്തിൽ 110 കേന്ദ്രങ്ങളിൽ പ്രകടനവും പ്രതിഷേധ സംഗമവും നടന്നു. തൊഴിലാളികൾ തൃശൂർ നഗരത്തിൽ പ്രകടനം നടത്തി. കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. തൃശൂരിൽ സി.എം.എസ് സ്‌കൂളിന് മുന്നിൽ നിന്ന് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന പ്രകടനത്തിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു. ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലെ സമരം സി.ഐ.ടി.യു ദേശീയ സെക്രട്ടറി ദീപ കെ. രാജൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എം. രാധാക്യഷ്ണൻ അദ്ധ്യക്ഷനായി. കെ.വി.അബ്ദുൾഖാദർ, കെ.ജി.ശിവാനന്ദൻ, യു.പി.ജോസഫ്, എം.കെ.കണ്ണൻ(സി.ഐ.ടി.യു) പി.ബാലചന്ദ്രൻ എം.എൽ.എ, കെ.എസ്.ജോഷി, എ.എസ്.രാധാകൃഷ്ണൻ, എം.കെ.തങ്കപ്പൻ, എ.ജയൻ, ആർ.ടി.യാദവ്, ഇ. നന്ദകുമാർ, അഭിമന്യു , ടി.സുധാകരൻ എന്നിവർ നേതൃത്വം നൽകി.
യു.ഡി.ടി.എഫ് പ്രകടനവും പൊതുയോഗവും
പണിമുടക്കിനോടനുബന്ധിച്ച് യു.ഡി.ടി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് അക്കൗണ്ടന്റ് ജനറൽ ഓഫീസിലേക്ക് പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ ചെയർമാൻ സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ ്അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. പി.എ.ഷാഹുൽഹമീദ്, ബി.ശശീന്ദ്രൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, സിജോ കടവിൽ, വി.എ.ഷംസുദ്ദീൻ, എ.ടി. ജോസ്,കെ.എൻ. നാരായണൻ, ജോൺസൺ ആവോകാരൻ,എം.ആർ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |