
തൃശൂർ: ജില്ലയിൽ വേനൽമഴ ശക്തമായതോടെ നെൽക്കർഷകർ പ്രതിസന്ധിയിലേക്ക്. മഴയെത്തുടർന്ന് പാടശേഖരങ്ങളിൽ കൊയ്ത്ത് യന്ത്രങ്ങൾ ഇറക്കാനാകാത്ത സാഹചര്യത്തിൽ പലയിടങ്ങളിലും കൊയ്ത്ത് നിറുത്തിവയ്ക്കാൻ മില്ല് ഉടമകൾ നിർദ്ദേശം നൽകി. കൊയ്‌ത നെല്ല് കെട്ടിക്കിടക്കുന്നതും ആശങ്ക വർധിപ്പിക്കുന്നു. ചൊവ്വാഴ്ച രാത്രി മുതൽ ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും ശക്തമായ മഴയാണ് ലഭിച്ചത്. വെള്ളാനിക്കരയിൽ 38.8 മില്ലിമീറ്ററും വടക്കാഞ്ചേരിയിൽ 19 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. പാകമായ നെൽച്ചെടികൾ മഴയത്ത് നിലംപൊത്താനും സാധ്യതയേറയാണ്.ഒപ്പം നെൽ മണികൾ ഉതിർന്ന് വീഴുമെന്നും കർഷകർ പറയുന്നു.
നിലവിൽ കൊയ്തു കൂട്ടിയ നെല്ല് നനഞ്ഞതിനെതുടർന്ന് അവ ഉണക്കിയെടുക്കേണ്ടി വരുന്നത് കർഷകർക്ക് സാമ്പത്തിക ബാധ്യതയാണ്.പാടത്ത് കെട്ടിക്കിടക്കുന്ന നെല്ല് വേഗത്തിൽ നീക്കം ചെയ്യാൻ മില്ലുകാർ കൂടുതൽ വാഹനങ്ങൾ ഏർപ്പെടുത്തി.പാഡി ഓഫീസറുടെ ഇടപെടലിനെത്തുടർന്നാണ് നടപടി.
സംഭരിച്ചത് 22,250 മെട്രിക് ടൺ നെല്ല്
ഇതുവരെ ജില്ലയിൽ 22,250 മെട്രിക് ടൺ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. വിവിധ കോൾ നിലങ്ങളിൽ 40 ശതമാനത്തിലേറെ വിളവെടുപ്പാണ് പൂർത്തിയായത്. 7554 കർഷകരാണ് ഇതിനോടകം സപ്ലൈകോയുമായി കരാർ ഒപ്പിട്ട് സ്വകാര്യ മില്ലുകൾക്ക് നെല്ല് കൈമാറിയത്. മാർച്ച് അവസാനത്തോടെ ഭൂരിഭാഗം കൊയ്ത്ത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.മനക്കൊടി, മണലൂർ, പുള്ള്, ആലപ്പാട് കോൾ മേഖലയിലെ പാടശേഖരങ്ങളിൽ കൊയ്ത്ത് നടക്കുന്നുണ്ട്. ജൂലായ് 30 വരെയാണ് രണ്ടാം വിള കൃഷിയുടെ നെല്ല് സപ്ലൈകോ സംഭരിക്കുക.
ഇടവിള കൃഷിക്കാർ ആശ്വാസം
ഇടവിള കൃഷിക്ക് ആശ്വാസമായി വേനൽ മഴ. കൊയ്ത്തിന് പാകമായി നിൽക്കുന്ന നെൽകർഷകർക്ക് രണ്ട് ദിവസമായി ലഭിക്കുന്ന മഴ ആശ്വാസമാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി ശക്തമായചൂടാണ് അനുഭവപ്പെട്ടിരുന്നത്.
വേനൽ ശക്തമായാൽ കർഷകർ ഭീമമായ നഷ്ടം സഹിക്കേണ്ടി വരും. കഴിഞ്ഞ രണ്ടു വർഷമായി നെൽക്കർഷകർ വലിയ ദുരിതത്തിലാണ്
ഗോപിനാഥൻ , കോളേങ്ങാട്ട്, ജില്ലാ കോൾ കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ്
വെള്ളാനിക്കര- 38.8 മില്ലിമീറ്ററും
വടക്കാഞ്ചേരി- 19 മില്ലിമീറ്ററും
സംഭരിച്ച നെല്ല്- 22,250 മെട്രിക് ടൺ
കർഷകർ-7554
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |