വടക്കാഞ്ചേരി : ആചാര വൈവിദ്ധ്യങ്ങളും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ ഉത്രാളിക്കാവ് പൂരം പൊങ്ങലിടി ചടങ്ങോടെ ഉപചാരം ചൊല്ലി പിരിഞ്ഞു. നൂറുകണക്കിന് ഉത്സവപ്രേമികളാണ് വടക്കാഞ്ചേരിയിലേക്ക് ഒഴുകിയെത്തിയത്. അപ്രതീക്ഷിതമായി എത്തിയ മഴയും ആന വിരണ്ടോടിയതും പൂരത്തിൽ ആശങ്കയുണ്ടാക്കി. പകൽവെടിക്കെട്ട്, കുടമാറ്റം, കൂട്ടി എഴുന്നള്ളിപ്പ് എന്നിവ കഴിഞ്ഞതിന് ശേഷമാണ് മഴ എത്തിയത്. ഇന്നലെ രാവിലെ ചടങ്ങുകൾ പൂർത്തിയാക്കി പൊങ്ങലിടി നടന്നു.എങ്കക്കാട് ദേശത്തിന്റെ നേതൃത്വത്തിലായിരുന്നു സവിശേഷചടങ്ങ്. മഞ്ഞളും നവധാന്യങ്ങളും മരഉരലിൽ ഇട്ട് ദേശത്തെ വനിതകളും കോമരം പള്ളിയത്ത് മാധവൻ നായരും ചേർന്ന് ഉലക്കകൊണ്ട് ഇടിച്ച് കുഴമ്പ് രൂപത്തിലാക്കി ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്ന ചടങ്ങാണ് പൊങ്ങലിടി. ഈ പ്രസാദം വീട്ടിൽ സൂക്ഷിച്ചാൽ അടുത്ത ഒരു വർഷം മുഴുവൻ ഐശ്വര്യം കൈവരുമെന്നാണ് വിശ്വാസം. പൂര ചടങ്ങുകൾക്ക് സമാപനം കുറിച്ച് എങ്കക്കാട് ഈട് വെടിക്കെട്ടും നടത്തി. ചീഫ് കോഡിനേറ്റർ വി.സുരേഷ് കുമാർ,എ.കെ.സതീഷ് കുമാർ,പി.എ. വിപിൻ,ബാലകൃഷ്ണൻ കൊളഞ്ചേരി,പി.പ്രസാദ് , (കുമരനെല്ലൂർ),പി.ആർ.സുരേഷ് കുമാർ,സി.ജയേഷ് കുമാർ,ഡോ: ഡി.നീലകണ്ഠൻ,ബാബു പൂക്കുന്നത്ത്,പി.ജി.രവീന്ദ്രൻ (എങ്കക്കാട് ),സി.എ.ശങ്കരൻ കുട്ടി,പി.എൻ.വൈശാഖ്,പി.കെ. രാജേഷ്, പ്രശാന്ത് പുഴങ്കര,കെ. സതീഷ് കുമാർ ( വടക്കാഞ്ചേരി) നേതൃത്വം നൽകി.
ഏഴ് കൊമ്പന്മാർ മാത്രം.
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂര സമാപന ദിനത്തിലെ കൂട്ടിയെഴുന്നള്ളിപ്പിന് ഏഴ് കൊമ്പന്മാർ മാത്രം. 33 ആനകൾ അണിനിരക്കേണ്ട കൂട്ടിയെഴുന്നള്ളിപ്പാണ് തിടമ്പേറ്റിയ മൂന്നു ആനകൾ ഉൾപ്പെടെ ഏഴ് കൊമ്പന്മാർ മാത്രം പങ്കെടുത്തത്. ഉത്സവകാലത്തെ തിരക്ക് പരിഗണിച്ച് ആനകൾ രാവിലെ തന്നെമടങ്ങുകയായിരുന്നു. അതുകൊണ്ടുതന്നെ കൂട്ടി എഴുന്നള്ളിപ്പ് ചടങ്ങ് മാത്രമാക്കി അവസാനിപ്പിച്ചു. കോമരം പള്ളിയത്ത് മാധവൻ നായർ പുല കഴിഞ്ഞ് വീണ്ടും ക്ഷേത്രത്തിലെത്തി ഭക്തജനങ്ങളെ അനുഗ്രഹിച്ചു. അടുത്ത വർഷം കാണാമെന്ന ഉറപ്പോടെ ദേവിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു.
പടം ദേവിയുടെ പ്രതിനിധിയായ കോമരം പള്ളിയത്ത് മാധവൻ നായർ താലത്തിന്റെ അകമ്പടിയിൽ ഭക്തജനങ്ങളെ അനുഗ്രഹിക്കാൻ എത്തിയ പ്പോൾ
കനത്തമഴ: ഉത്രാളിക്കാവ് പൂരം
വെടിക്കെട്ട് മാറ്റിവച്ചു
വടക്കാഞ്ചേരി: വടക്കാഞ്ചേരി മേഖലയിൽ ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയെ തുടർന്ന് ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം ഇന്നലെ പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മാറ്റിവച്ചു. ഉത്രാളിക്കാവ് പാടം വെള്ളക്കെട്ടിലായതോടെ പൂരക്കമ്മിറ്റി അടിയന്തരമായി കൂടിയാലോചന നടത്തി വെടിക്കെട്ട് വേണ്ടെന്നുവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. പുതിയ തിയതിയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് പ്രസിഡന്റ് എ.കെ.സതീഷ്കുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |