തൃശൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയത്ത്, നഴ്‌സ് രശ്മി രാജ് മരിച്ചതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശനമാക്കിയ റെയ്ഡ് രണ്ടാഴ്ച തുടരും. സാധാരണ പരിശോധകൾക്കൊപ്പം പ്രത്യേക സംഘം സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളുമുൾപ്പെടെ ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങളിൽ പ്രത്യേകം പരിശോധിക്കും.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 547 സ്ഥാപനങ്ങൾ പരിശോധിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ച പതിനെട്ടും ലൈസൻസ് ഇല്ലാതിരുന്ന മുപ്പതും സ്ഥാപനങ്ങൾ പൂട്ടിച്ചു. 142 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഇപ്പോൾ സ്ഥാപനങ്ങൾ ജാഗ്രതയിലാണെങ്കിലും റെയ്ഡ് നിലച്ചാൽ കാര്യങ്ങൾ പഴയപടിയാകുമെന്ന ആശങ്കയുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്ത പ്രശ്‌നം കഴിഞ്ഞ ആഗസ്റ്റിൽ പുതിയ ജീവനക്കാരെ നിയമിച്ചതോടെ പരിഹരിച്ചു. ഓപ്പറേഷൻ മത്സ്യ, ജാഗറി, ഓയിൽ, ഷവർമ തുടങ്ങിയവയിലൂടെ പ്രത്യേക പരിശോധന നടത്തിയിരുന്നു.
ആറ് മാസം, പരിശോധന ഇങ്ങനെ
പരിശോധിച്ച സ്ഥാപനങ്ങൾ 46,928
പൂട്ടിച്ചത് 149
നോട്ടീസ് നൽകിയത് 9,248
പുതിയ രജിസ്‌ട്രേഷൻ നൽകിയത് 82,406
ലൈസൻസ് നൽകിയത് 18,037
'സേവ് ഫുഡ്, ഷെയർ ഫുഡ്'
അതിനിടെ 'സേവ് ഫുഡ്, ഷെയർ ഫുഡ്' പദ്ധതിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തുണ്ട്. ഭക്ഷണം പാഴാകാൻ സാദ്ധ്യതയുള്ള മേഖല കണ്ടെത്തി ആവശ്യക്കാർക്കെത്തിക്കുന്നതാണ് സംഘടനകളുടെയും പൊതു പ്രവർത്തകരുടെയും സാഹായത്തോടെയുള്ള പദ്ധതി. ഭക്ഷണം നൽകാനും സ്വീകരിക്കാനും വിതരണസൗകര്യം നൽകാൻ സന്നദ്ധതയുള്ളവർക്കും ചേരാം. നിലവിൽ ഇത്തരം പ്രവർത്തനം നടത്തുന്നവരെ യോജിപ്പിക്കാനും ശ്രമമുണ്ട്. ഹോട്ടലുകളിലും കല്യാണ മണ്ഡപങ്ങളിലും മറ്റ് സത്കാര സ്ഥലങ്ങളിൽ നിന്നും തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ പങ്ക് സ്വീകരിക്കും.
രജിസ്റ്റർ ചെയ്തത്
തിരുവനന്തപുരം 3
എറണാകുളം, തൃശൂർ 2 വീതം
കോട്ടയം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ഒന്ന് വീതം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |