വാഷിംഗ്‌ടൺ: 25 ശതമാനം അധിക ചുങ്കമടക്കം നിലവിൽ ഇന്ത്യൻ വസ്‌തുക്കൾക്ക് 50 ശതമാനമാണ് അമേരിക്ക ഏർപ്പെടുത്തിയ നികുതി. ഇതിൽ ഇനിയും വർദ്ധനയുണ്ടാകും എന്ന സൂചനയാണ് അമേരിക്കൻ ഭരണകൂടം നൽകുന്നത്. ഇതുവഴി ഇന്ത്യയ്‌ക്കല്ല റഷ്യയ്‌ക്ക് നേരെ വലിയ തന്ത്രങ്ങളാണ് അമേരിക്ക നടത്തുന്നത്.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ അധിക താരിഫ് ചുമത്തുമെന്നാണ് വിവരം. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇത്തരത്തിൽ അധിക നികുതി ഏർപ്പെടുത്തുക വഴി റഷ്യൻ വിപണി നിലംപൊത്തുമെന്നാണ് കണക്കുകൂട്ടൽ.
ഇന്ന് ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര തീരുവയ്‌ക്കെതിരെ ഒറ്റക്കെട്ടായി നീങ്ങുന്നതിന്റെ ഭാഗമായി ബ്രിക്സ് രാജ്യങ്ങളുടെ ഓൺലൈൻ ഉച്ചകോടി നടക്കാൻ പോകുകയാണ്. ബ്രസീൽ പ്രസിഡന്റ് ലുല ദ സിൽവയാണ് ബ്രിക്സ് വിർച്വൽ യോഗം വിളിച്ചത്. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. സംഘടന സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചേക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റു നേതാക്കളുടെ പേരുകൾ ബ്രസീൽ പരസ്യമാക്കിയിട്ടില്ല.
ബ്രസീലിയൻ ഉത്പന്നങ്ങൾക്ക് 10ൽ നിന്ന് 50% തീരുവയാണ് ട്രംപ് ഭരണകൂടം ചുമത്തുന്നത്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലാണ് ഇന്ത്യയ്‌ക്കെതിരെയും 50% തീരുവ പ്രയോഗിച്ചിരിക്കുകയാണ്. ഇതിനെതിരെ കടുത്ത നിലപാടാണ് ഇരു രാജ്യങ്ങളും സ്വീകരിച്ചത്.
റഷ്യയ്‌ക്കെതിരെ തീരുവ വർദ്ധനവിന് തയ്യാറാണെന്നും യൂറോപ്യൻ യൂണിയൻ സുഹൃത്തുക്കൾ തങ്ങളെ പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |