കാഠ്മണ്ഡു: പ്രക്ഷോഭകർ സർക്കാരിനെ അട്ടിമറിച്ച നേപ്പാളിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർകിയെ (73) ഇടക്കാല പ്രധാനമന്ത്രിയാക്കാനുള്ള നീക്കം പാളി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യ വനിതയാണ്. സേനാ ആസ്ഥാനത്തേക്ക് ചർച്ചയ്ക്ക് പുറപ്പെട്ട യുവജന (ജെൻ-സി) പ്രക്ഷോഭകർ ചേരിതിരിഞ്ഞു.
ഗേറ്റിനുമുന്നിൽ ചേരിതിരിഞ്ഞു മുദ്രാവാക്യം മുഴക്കിയതോടെ സൈന്യം മടക്കിഅയച്ചു.
ഇടക്കാല നേതാവാക്കാൻ നിർദേശിക്കുന്നവരുടെ പേരും ഫോൺ നമ്പറും ഇന്ന് രാവിലെ സമർപ്പിക്കാൻ സൈന്യം നിർദേശം നൽകി.
സേനാ മേധാവി ജനറൽ അശോക് രാജ് സിഗ്‌ദൽ തീരുമാനമെടുക്കും.
കാഠ്മണ്ഡു മേയർ ബാലേൻ ഷാ, ദരാൺ മേയർ ഹർക സംപാംഗ് തുടങ്ങിയവരെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ബാലേൻ ഷായെ പ്രധാനമന്ത്രിയാക്കണമെന്ന് ആദ്യം മുതൽ പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു.
ആക്രമണം ഭയന്ന് മന്ത്രിമാരും ജനപ്രതിനിധികളും ഒളിവിൽ തുടരുന്നതിനാൽ ക്രമസമാധാനം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
രണ്ട് ദിവസം കലാപ കലുഷിതമായിരുന്ന നേപ്പാൾ സൈന്യത്തിന്റെ തോക്കിൻമുനയിൽ സമാധാനത്തിലൂടെയാണ് കടന്നുപോകുന്നത്. പാർലമെന്റ് അടക്കം സൈന്യത്തിന്റെ കാവലിലാണ്. കർഫ്യൂ നിലനിൽക്കുകയാണ്.
സമൂഹ മാദ്ധ്യമ വിലക്കിനെതിരെയും സർക്കാരിന്റെ അഴിമതിക്കെതിരെയും യുവജനങ്ങൾ തിങ്കളാഴ്ച പൊടുന്നനേ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. 1200 പേർക്ക് പരിക്കേറ്റു. കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളം ഇന്നലെ തുറന്നു.
കോഴിക്കോട്ട് നിന്നുപോയ
സഞ്ചാരികൾ സുരക്ഷിതർ
കോഴിക്കോട്: നേപ്പാളിലെത്തിയ വിനോദസഞ്ചാരികളുടെ 40 അംഗസംഘം എയർപോർട്ട് തുറന്നതോടെ മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. കോഴിക്കോട് മുക്കം, കൊടിയത്തൂർ, കൊടുവള്ളി, മലപ്പുറം ജില്ലയിലെ അരീക്കോട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്.
ലോഡ്ജുകളിൽ ഭക്ഷണം ഉൾപ്പെടെ എല്ലാ സൗകര്യവും ലഭ്യമാണെന്ന് കോഴിക്കോട്ടെ ടൂർ കോ-ഓർഡിനേറ്ററും സ്ഥാപനത്തിന്റെ ഡയറക്ടറിലൊരാളുമായ രാമനാട്ടുകര സ്വദേശി പി.സി.റഫീഖ് പറഞ്ഞു. പുറത്തിറങ്ങാൻ വിലക്കുണ്ട്.
ഇന്ത്യക്കാരെ കൊണ്ടുവരാൻ
നേപ്പാളിലേക്ക് വിമാനം
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ പൗരന്മാരെ തിരികെയെത്തിക്കാൻ ഇന്ത്യ പ്രത്യേക വിമാനം അയക്കാൻ നീക്കം തുടങ്ങി. ത്രിഭുവൻ രാജ്യാന്തര വിമാനത്താവളം ഇന്നലെ വൈകീട്ട് പ്രവർത്തനം പുനരാരംഭിച്ചു. വിമാനത്താവളത്തിൽ മാത്രം 500ലേറെ ഇന്ത്യക്കാർ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ഇന്ത്യൻ എംബസി നേപ്പാൾ കരസേനയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. വിമാനസർവീസുകൾ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു. യാത്രക്കാർക്ക് സൗജന്യ റീഷെഡ്യൂളിംഗും ഫുൾ റീഫണ്ടും വാഗ്ദാനം ചെയ്‌തിട്ടുണ്ട്.
ഡൽഹി-കാഠ്മണ്ഡു രാജ്യാന്തര ബസ് സർവീസ് ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷൻ നിർത്തിവച്ചു. നേപ്പാൾ യാത്ര മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യമന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.
അതിർത്തി സംസ്ഥാനങ്ങൾ ജാഗ്രതയിലാണ്. 1751 കിലോമീറ്റർ നീളുന്ന അതിർത്തി അടച്ചിട്ടില്ല. ഉത്തർപ്രദേശിലെ ഏഴു ജില്ലകളിൽ ശശസ്ത്ര സീമ ബൽ(എസ്.എസ്.ബി) പട്രോളിംഗ് ശക്തമാക്കി. സോനൗലി ബോർഡറിൽ അവശ്യസാധനങ്ങൾ കയറ്റിവരുന്ന ട്രക്കുകൾ അടക്കം കുടുങ്ങി. ബീഹാറിലെ രക്‌സൗൽ ബോർഡറും കർശന നിരീക്ഷണത്തിലാണ്. ഉത്തരാഖണ്ഡിലെ ചമ്പാവത്, ഉദ്ദം സിംഗ് നഗർ തുടങ്ങിയ ജില്ലകളിലെ സാഹചര്യം അധികൃതർ വിലയിരുത്തി. നേപ്പാളിലെ ജയിലിൽ നിന്ന് ചാടിയ അഞ്ച് കുറ്റവാളികളെ യു.പി സിദ്ധാർത്ഥ് നഗറിലെ അതിർത്തിയിൽ എസ്.എസ്.ബി ഉദ്യോഗസ്ഥർ പിടികൂടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |