നോയിഡ: കിടപ്പുമുറിയിലെ ഫോൾസ് സീലിംഗിൽ മൂർഖൻ പാമ്പ്. ഉത്തർപ്രദേശിലെ നോയിഡയിലെ സെക്ടർ 51ലെ ഒരു ഇരുനില വീട്ടിലാണ് സംഭവം. 36 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടാനായത്.
ഫോൾസ് സീലിംഗിലെ ലൈറ്റ് വെന്റിന് സമീപത്ത് നീളമുള്ള ഒരു വസ്‌തു ഇരിക്കുന്നത് വീട്ടുകാർ ശ്രദ്ധിച്ചിരുന്നു. വയറിംഗിലുള്ള തകരാറാണെന്നാണ് കരുതിയത്. അതിനാൽ, വലിയ ശ്രദ്ധ നൽകിയില്ല. പക്ഷേ, അനക്കമില്ലാതെ കിടന്നിരുന്ന വസ്‌തു പതിയെ അനങ്ങിത്തുടങ്ങിയതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. പിന്നാലെ മൂർഖന്റെ ചീറ്റലും കേട്ടുതുടങ്ങി.
ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടാനായി സംഭവംനടന്ന രാത്രി തന്നെ അധികൃതർ എത്തിയിരുന്നു. എന്നാൽ, 36 മണിക്കൂറോളം പരിശ്രമിച്ചാണ് പാമ്പിനെ പിടികൂടാനായത്. മഴക്കാലത്ത് ജനവാസ മേഖലയിൽ കാണുന്നയിനം പാമ്പായിരുന്നു അത്. അടുത്തിടെ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായിരുന്നു. അതിനിടെ അകപ്പെട്ടതാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |