ന്യൂഡൽഹി: ബോളിവുഡ് നടി ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഡൽഹി ഹൈക്കോടതി.ഒരാളുടെ വ്യക്തിപരമായ സവിശേഷതകള്‍ അനധികൃതമായി ചൂഷണം ചെയ്യുന്നത് സ്വകാര്യതയെ ലംഘിക്കുക മാത്രമല്ല, അന്തസോടെ ജീവിക്കാനുള്ള അവകാശത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു. നടിയുടെ പേര്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ചിത്രങ്ങൾ തുടങ്ങിയവ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് വിവിധ സ്ഥാപനങ്ങളെ കോടതി വിലക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ദുരുപയോഗം നടിയുടെ പ്രശസ്തിക്ക് ദോഷം വരുത്തുമെന്നും കോടതി വ്യക്തമാക്കി.
അനുമതിയില്ലാതെ തന്റെ ചിത്രങ്ങൾ പരസ്യത്തിന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ തന്റെ പേര്, ചിത്രം എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ അടക്കം വിലക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച അശ്ലീല ഉള്ളടക്കങ്ങളും പ്രചരിക്കുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെടലുണ്ടാകണമെന്നും, വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്നും ഐശ്വര്യ റായി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഐശ്വര്യയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും തന്റെ പ്രശസ്തിക്കും വ്യക്തിഗത അവകാശങ്ങള്‍ക്കും സംരക്ഷണം തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അശ്ലീല ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യാജ വീഡിയോകള്‍, തന്റെ ചിത്രം, സാദൃശ്യം, വ്യക്തിത്വം എന്നിവ ഉപയോഗിക്കുന്നതില്‍ നിന്ന് വെബ്‌സൈറ്റുകളെയും പ്ലാറ്റ്ഫോമുകളെയും വിലക്കണമെന്ന ആവശ്യത്തോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |