മുംബയ്: ക്രെഡിറ്റ് കാർഡിന് സമാനമായി യു.പി.ഐ വഴി പണമിടപാട് നടത്താനുള്ള സംവിധാനത്തിന് റസർവ് ബാങ്ക് അനുമതി നൽകി. മുൻകൂട്ടി അനുവദിക്കുന്ന വായ്പാ തുക (ക്രെഡിറ്റ് ലൈൻ)യിൽനിന്ന് യു.പി.ഐ വഴി പണമിടപാട് സാധ്യമാക്കുന്നതാണ് പുതിയ സംവിധാനം. ബാങ്കുകൾ അനുവദിക്കുന്ന വായ്പാ പരിധിയിൽ നിന്നുകൊണ്ട് ഇനി യു.പി.ഐ വഴി ഇടപാട് നടത്താം. പണനയ പ്രഖ്യാപനത്തിനിടെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്.
ബാങ്കുകളിലെ ഡെപ്പോസിറ്റ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് നിലവിൽ യുപിഐ സംവിധാനം പ്രവർത്തിക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ബാങ്കുകൾക്ക് നേരിട്ട് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡിന് സമാനമായ സേവനം നൽകാൻ കഴിയും. പുതിയ ഉത്പന്നങ്ങളും സാധ്യതകളും വഴി യുപിഐയുടെ ഇടപാട് മേഖല വിപുലീകരിക്കാനാണ് ആർ.ബി.ഐ ലക്ഷ്യമിടുന്നത്. . റൂപെ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യാൻ അടുത്തിനെ ആർ.ബി.ഐ അനുമതി നൽകിയിരുന്നു. അതേസമയം, ബൈ നൗ പേ ലേറ്റർ സിസ്റ്റത്തിൽനിന്ന് വ്യത്യസ്തമായിരിക്കും യുപിഐ ക്രെഡിറ്റ് ഇടപാടെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ എം. രാജ്വേശര റാവു പറഞ്ഞു. ഡിജിറ്റൽ വായ്പാ മേഖലയിൽ കുതിച്ചുചാട്ടത്തിനുതന്നെ സംവിധാനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
ബാങ്കുകൾ മുൻകൂട്ടി അനുവദിച്ച വായ്പ തുകയാണ് ക്രെഡിറ്റ് ലൈൻ വായ്പകൾ. ഇതിൽ ഉപഭോക്താവിന് ആവശ്യമായത് മാത്രം പിൻവലിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പിൻവലിച്ച തുകയ്ക്ക് മാത്രമേ പലിശ നൽകേണ്ടി വരുള്ളൂ.
പ്രത്യേകതകൾ
എളുപ്പത്തിൽ പ്രയോജനപ്പെടുത്താം.
വായ്പ നേടുന്നതിന് അധിക സമയവും കൂടുതൽ പ്രയത്‌നവും ഒഴിവാക്കാം.
തടസങ്ങളില്ലാതെ ഇടപാട് നടത്താം.
കാർഡുകളുടെ എണ്ണം കുറയ്ക്കാം.
ചെലവ് കുറഞ്ഞ സംവിധാനം.
നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻ.പി.സി.ഐ) ഈയാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം യുപിഐയുടെ പ്രതിമാസ ഇടപാടുകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. മാർച്ചിൽ ഇടപാടുകളുടെ എണ്ണം 870 കോടിയായി. മൊത്തം ഇടപാട് മൂല്യമാകട്ടെ 14.05 ലക്ഷം കോടിയിലുമെത്തി. ഇടപാടുകളുടെ എണ്ണത്തിൽ 60ശതമാനവും മൂല്യത്തിൽ 46ശതമാനവുമാണ് വർധന. 2022-23 സാമ്പത്തിക വർഷത്തിൽ 8400 കോടി ഇടപാടുകളാണ് നടന്നത്. 139.09 ലക്ഷം കോടിയാണ് മൂല്യം. മൂൻ വർഷത്തെ അപേക്ഷിച്ച് ഇടപാടിൽ 82 ശതമാനവും മൂല്യത്തിൽ 65ശതമാനവുമാണ് വർധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |