കൊച്ചി: ആഗോള ധനകാര്യ പ്രസിദ്ധീകരണമായ ദി ബാങ്കറിന്റെ 'ബാങ്ക് ഒഫ് ദി ഇയർ അവാർഡ്' ഫെഡറൽ ബാങ്കിന് ലഭിച്ചു. 120 രാജ്യങ്ങളിലെ ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്തുന്ന ഏറ്റവും പ്രധാന മൂന്ന് ആഗോള പുരസ്‌കാരങ്ങളിലൊന്നാണ് ഈ പുരസ്‌കാരം. നൂതന ബാങ്കിംഗ് സൗകര്യങ്ങളും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളും ലഭ്യമാക്കുന്നതിൽ ഫെഡറൽ ബാങ്കിനുള്ള പ്രതിബദ്ധതയും സംഭാവനകളും വിലയിരുത്തിയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
പൂർണമായും ഓൺലൈനായി പേഴ്‌സണൽ ലോൺ ലഭ്യമാക്കുന്ന ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ സാങ്കേതികവിദ്യ പുരസ്‌കാര നിർണയ സമിതി എടുത്ത് പറഞ്ഞു. ബാങ്കിംഗ് സേവനം ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളിൽ സേവനം ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുന്നതിന് അവതരിപ്പിച്ച ബാങ്ക് ഓൺ ദി ഗോ സേവനവും, ഇടപാടുകാർക്കുള്ള പിന്തുണ മെച്ചപ്പെടുത്തുന്നതിന് അവതരിപ്പിച്ച നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ് ബോട്ടായ ഫെഡ്ഡിയും പ്രത്യേക പരാമർശം നേടി.
ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകാൻ പ്രതിജ്ഞാബദ്ധരാണെന്ന് ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |