കോഴിക്കോട്: സഹകരണ മേഖലയിൽ സർവകലാശാല ആവശ്യമാണെന്നും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. സർക്കാർ അനുവദിച്ചാൽ സർവകലാശാല ആരംഭിക്കാൻ തയ്യാറാണെന്നും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ മീറ്റ് ദ് പ്രസിൽ അദ്ദേഹം പറഞ്ഞു. കാർഷിക, നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പ്രായോഗികവും പരിജ്ഞാനത്തോടെയുമുള്ള വിദ്യാഭ്യാസമാണ് നൽകേണ്ടത്. പ്രകൃതിയെ നശിപ്പിക്കാതെ കാലഘട്ടത്തിനനുസരിച്ച് എൻജിനിയറിംഗ് രീതികൾ പരീക്ഷിക്കാൻ യു.എൽ.സി.സി.എസിന് പദ്ധതിയുണ്ട്. ഇതിനായി ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കും.
18000 തൊഴിലാളികളാണ് യു.എൽ.സി.സി.എസിന് കീഴിലുള്ളത്. ഏറ്റെടുക്കുന്ന പ്രവൃത്തികൾ സബ് കരാർ നൽകാതെ പൂർത്തീകരിക്കുകയാണ് ചെയ്യുന്നത്.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ പ്രദർശനങ്ങൾ, സെമിനാറുകൾ, സഹകരണ ഉച്ചകോടി, കലാ-സാംസ്‌കാരിക പരിപാടികൾ,
പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും പ്രയോജനകരമാകുന്ന ക്ഷേമ പദ്ധതികൾ തുടങ്ങിയവ ഒരു വർഷം നീളുന്ന നൂറാം വാർഷിക പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തൊഴിലാളികൾക്ക് എല്ലാവിധ ആനുകൂല്യങ്ങളും നൽകിയാണ് യു.എൽ.സി.സി.എസ് പ്രവർത്തിക്കുന്നത്. ഏതെങ്കിലും തൊഴിലാളിക്ക് അപകടം പറ്റിയാൽ കുടുംബത്തിന് കുറഞ്ഞത് 40 ലക്ഷം വരെ സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എൽ.സി.സി.എസ് മാനേജിംഗ് ഡയറക്ടർ എസ്.ഷാജുവും പങ്കെടുത്തു.
കോ ഓപ്പറേറ്റീവ് മേഖലയെ
ശക്തിപ്പെടുത്തുക ലക്ഷ്യം
70000 കിലോമീറ്റർ റോഡുകളും 370 പാലങ്ങളും 3000 കെട്ടിടങ്ങളും 1987 മറ്റു സ്ട്രക്ച്ചറുകളുമുൾപ്പെടെ 7000 പ്രോജക്ടുകൾ ഇതിനകം പൂർത്തിയാക്കി. 700 പ്രോജക്ടുകൾ വിവിധ ഘട്ടങ്ങളിലാണ്. ഐ.ടി മേഖലയിലും ആകർഷകമായ തൊഴിൽ സാദ്ധ്യത ഉറപ്പുവരുത്തും. കോർപ്പറേറ്റുകൾക്ക് ബദലായി കോ ഓപ്പറേറ്റീവ് മേഖലയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |