കൊച്ചി: ചരിത്രത്തിലാദ്യമായി 75,000 തൊട്ട ബോംബെ ഓഹരി സൂചികയായ സെൻസെക്സ് ലാഭമെടുപ്പിൽ നേട്ടം നിലനിറുത്താനാകാതെ താഴേക്ക് നീങ്ങി. മൂന്ന് ദിവസം തുടർച്ചയായി റെക്കാഡുകൾ കീഴടക്കിയ ഓഹരി സൂചികകൾ ഇന്നലെ നേരിയ നഷ്ടത്തോടെ വ്യാപാരം പൂർത്തിയാക്കി. ഇതോടെ ഇന്ത്യയിലെ വിവിധ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 400 ലക്ഷം കോടി രൂപ കവിഞ്ഞു. വിദേശ ധനകാര്യ സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപകരും മത്സരിച്ച് പണം മുടക്കുന്നതാണ് ഇന്ത്യൻ ഓഹരി വിപണികൾക്ക് വൻ കരുത്ത് നൽകുന്നത്. മൂന്ന് വർഷത്തിനിടെയാണ് ഓഹരികളിൽ മുൻപൊരിക്കലുമില്ലാത്ത വിധം മുന്നേറ്റം ദൃശ്യമായത്. ചെറുകിട, ഇടത്തരം കമ്പനികളുടെ മുതൽ കടലാസ് സ്ഥാപനങ്ങളുടെ ഓഹരികളുടെ വരെ വില ഇക്കാലയളവിൽ അസാധാരണമായ നേട്ടം കൈവരിച്ചു.
സെൻസെക്സ് ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ റെക്കാഡ് ഉയരമായ 75,124.28 എത്തിയതിന് ശേഷം നിക്ഷേപകർ ലാഭമെടുപ്പിലേക്ക് നീങ്ങിയതോടെ 59 പോയിന്റ് നഷ്ടത്തോടെ 74,683.70ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 22,768.40ൽ എത്തി റെക്കാഡിട്ട ശേഷം 24 പോയിന്റ് നഷ്ടവുമായി 22,642.75ൽ എത്തി.
ഐ. സി. ഐ. സി. ഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുക്കി, എൻ. ടി. പി. സി, ടാറ്റ സ്റ്റീൽ, ഇൻഡിഗോ, വേദാന്ത, സൊമാറ്റോ തുടങ്ങിയ ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന തലത്തിലെത്തി.
പ്രതീക്ഷ പ്രവർത്തന ഫലങ്ങളിൽ
ജനുവരി മുതൽ മാർച്ച് വരെയുള്ള ത്രൈമാസക്കാലയളവിൽ രാജ്യത്തെ പ്രമുഖ കമ്പനികൾ മികച്ച പ്രവർത്തന ഫലം കാഴ്ചവെക്കുമെന്ന പ്രതീക്ഷയാണ് വിപണിക്ക് കരുത്താകുന്നത്. ഇതോടൊപ്പം പൊതു തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ. ഡി. എ വീണ്ടും അധികാരത്തിലെത്താനുള്ള സാദ്ധ്യതയും നിക്ഷേപകരിൽ ആവേശം സൃഷ്ടിച്ചു. അമേരിക്കയിൽ സാമ്പത്തിക രംഗം മികച്ച വളർച്ച നേടുന്നതിനാൽ മുഖ്യ പലിശ കുറയാൻ സമയമെടുക്കുമെന്നാണ് വിലയിരുത്തുന്നത്. അതിനാൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കൂടുതൽ സജീവമായി.
സ്വർണക്കുതിപ്പ് തുടരുന്നു പവൻ@52,800 രൂപ
കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കയിലെ നാണയപ്പെരുപ്പ ഭീഷണിയും ഇന്നലെ സ്വർണ വിലയിൽ കുതിപ്പുണ്ടാക്കി. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വാങ്ങൽ താത്പര്യം കൂടിയതോടെ രാജ്യാന്തര വിപണിയിൽ വില ഔൺസിന് 2,350 ഡോളറിന് മുകളിലെത്തി. ഇതോടെ ഇന്നലെ സംസ്ഥാനത്ത് പവൻ വില 200 വർദ്ധിച്ച് 52,800 രൂപയിലെത്തി. ഗ്രാമിന്റെ വില 20 രൂപ കൂടി 6,575 രൂപയിലെത്തി. ഇന്നലെ രണ്ട് തവണയാണ് കേരളത്തിലെ സ്വർണ വിലയിൽ മാറ്റമുണ്ടായത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മുൻപൊരിക്കലുമില്ലാത്ത തരത്തിൽ കലുഷിതമാകുകയാണ്. ഇതിനാൽ വിവിധ കേന്ദ്ര ബാങ്കുകൾ ആവേശത്തോടെ സ്വർണം വാങ്ങിക്കൂട്ടുകയാണ്.
അമേരിക്കയിലെ നാണയപ്പെരുപ്പ കണക്കുകളാകും സ്വർണത്തിന്റെ അടുത്ത നീക്കം നിശ്ചയിക്കുക. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ പവൻ വില ഈ മാസം തന്നെ 54,000 രൂപ കടക്കാൻ ഇടയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |