
വായ്പകൾക്കും നിക്ഷേപങ്ങൾക്കും പലിശ കുറയും
കൊച്ചി: റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ വരുത്തിയ മാറ്റത്തിന് ആനുപാതികമായി വാണിജ്യ ബാങ്കുകൾ വായ്പകളുടെയും നിക്ഷേപങ്ങളുടെയും പലിശ കുറച്ചു തുടങ്ങി. റിസർവ് ബാങ്ക് നടപടിക്ക് തൊട്ടുപിന്നാലെപൊതുമേഖല ബാങ്കായ ഇന്ത്യൻ ബാങ്ക് റിപ്പോ അടിസ്ഥാനമായ വായ്പകളുടെ പലിശ 8.2 ശതമാനത്തിൽ നിന്ന് 7.95 ശതമാനമായി കുറച്ചു. പുതിയ നിരക്കുകൾ ഇന്നലെ പ്രാബല്യത്തിലായി. ഇതോടെ ദീർഘകാല കാലയളവുകളിലുള്ള ഭവന, വാഹന, കോർപ്പറേറ്റ് വായ്പകളുടെ പലിശയിലും സമാനമായ കുറവുണ്ടാകും.
മറ്റൊരു പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ഇന്ത്യ റിപ്പോ ബന്ധിത വായ്പകളുടെ പലിശ 8.1 ശതമാനത്തിലേക്ക് കുറച്ചു. ബാങ്ക് ഒഫ് ബറോഡയും വായ്പകളുടെ പലിശയിൽ 0.25 ശതമാനം കുറവ് പ്രഖ്യാപിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകൾ അടുത്ത ദിവസങ്ങളിൽ വായ്പകളുടെ പലിശ കുറച്ചേക്കും.
സാമ്പത്തിക മേഖലയ്ക്ക് ഉണർവ് സൃഷ്‌ടിക്കുന്നതിനായി വെള്ളിയാഴ്ച റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ 0.25 ശതമാനം കുറച്ച് 5.25 ശതമാനമാക്കിയിരുന്നു. നടപ്പുവർഷം ഇതുവരെ റിപ്പോ നിരക്കിൽ 1.25 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. പലിശ നിരക്ക് കുറയുന്നതോടെ റിയൽ എസ്‌റ്റേറ്റ്, വാഹന, കൺസ്യൂമർ ഉത്പന്ന വിപണികളിൽ ഉപഭോഗ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ വായ്പകൾക്കൊപ്പം നിലവിലുള്ള വായ്പാ ഉപഭോക്താക്കൾക്കും നിരക്ക് ഇളവിന്റെ പ്രയോജനം ലഭിക്കും.
നിലവിലെ ഭവന വായ്പാ നിരക്കുകൾ
എച്ച്.ഡി.എഫ്.സി ബാങ്ക് : 7.9 ശതമാനം മുതൽ 13.2 ശതമാനം വരെ
ഐ.സി.ഐ.സി.ഐ ബാങ്ക്: 8.75 ശതമാനം മുതൽ 9.8 ശതമാനം വരെ
കോട്ടക് മഹീന്ദ്ര ബാങ്ക്: 7.99 ശതമാനം മുതൽ 9.8 ശതമാനം വരെ
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ: 7.5 ശതമാനം മുതൽ 8.7 ശതമാനം വരെ
സ്ഥിര നിക്ഷേപങ്ങൾക്കും പലിശ കുറയും
റിസർവ് ബാങ്ക് തീരുമാനത്തിന്റെ ചുവടുപിടിച്ച് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാൻ വാണിജ്യ ബാങ്കുകൾ ഒരുങ്ങുന്നു. നടപ്പുവർഷം നാലാം തവണയാണ് ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കുന്നത്. നിലവിൽ മൂന്ന് കോടി രൂപ വരെ അഞ്ച് വർഷത്തെ സ്ഥിരനിക്ഷേപത്തിന് 60 വയസിന് താഴെയുള്ള ഉപഭോക്താക്കൾക്ക് എട്ടു ശതമാനം വരെ പലിശ നൽകുന്ന ബാങ്കുകളുണ്ട്. മുതിർന്ന പൗരന്മാർക്ക് അര ശതമാനം അധികം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |