
ക്രൂഡോയിൽ വില ബാരലിന് 89 ഡോളർ കടന്നു
കൊച്ചി: ആഗോള സാമ്പത്തിക മേഖലകളെ മുൾമുനയിലാക്കി ഇന്ധന വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. ഇന്നലെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളറിന് അടുത്തെത്തി. ലോകമെമ്പാടും കനത്ത വിലക്കയറ്റത്തിന് ഇന്ധന വിപണിയിലെ അനിശ്ചിതത്വം കാരണമാകും. ഡബ്‌ള്യു.ടി.ഐ ക്രൂഡ് വില ബാരലിന് ആറ് ഡോളർ ഉയർന്ന് 87 ഡോളറായി. അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്‌ത ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഹോർമുസ് ഇടനാഴി അടച്ചതാണ് ആഗോള ഇന്ധന വിപണിയെ പ്രതിസന്ധിയിലാക്കുന്നത്. ലോകത്തിലെ മൊത്തം ഇന്ധന ഗതാഗതത്തിന്റെ 20 ശതമാനം ഇതുവഴിയാണ് നടക്കുന്നത്. പ്രകൃതി വാതക വ്യാപാര ലഭ്യതയും കുത്തനെ കുറയുകയാണ്. പ്രകൃതി വാതകത്തിന്റെ വില വരും ദിവഭങ്ങളിൽ കുതിച്ചുയരുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഉക്രെയിനിലെ 2022ലെ റഷ്യയുടെ അധിനിവേശത്തിന് ശേഷം ക്രൂഡോയിൽ വിപണിയിലുണ്ടാകുന്ന ഏറ്റവും വലിയ മുന്നേറ്റമാണ് കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമായത്. ഒരാഴ്ചയ്ക്കിടെ എണ്ണ വില 20 ശതമാനം ഉയർന്നു.
ഹോർമുസ് ഇടനാഴി അടച്ചതോടെ ഗൾഫ് രാജ്യങ്ങൾ എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഉത്പാദനം കുത്തനെ കുറയ്ക്കാൻ നിർബന്ധിതരായി. ചരക്ക് നീക്കം തടസപ്പെട്ടതിനാൽ ഇന്ധനം സ്‌റ്റോക്ക് ചെയ്യാൻ സംവിധാനമില്ലാത്തതാണ് പ്രധാന വെല്ലുവിളി.
ക്രൂഡ് വില 150 ഡോളറായേക്കുമെന്ന് ഖത്തർ
യുദ്ധം നീണ്ടാൽ ക്രൂഡോയിൽ വില ബാരലിന് 150 ഡോളർ വരെ ഉയരുമെന്ന് ഖത്തറിന്റെ ഊർജ മന്ത്രി സാദ് അൽ ഖാബി മുന്നറിയിപ്പ് നൽകി. ആഗോള സാമ്പത്തിക രംഗത്തിന് ഇന്ധന വിലയിലെ കുതിപ്പ് കനത്ത തിരിച്ചടിയാകും. സംഘർഷം തുടർന്നാൽ ജി.സി.സി രാജ്യങ്ങൾ ഉത്പാദനം പൂർണമായും നിറുത്താൻ നിർബന്ധിതരാകും. ഇറാന്റെ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഖത്തറിലെ ഏറ്റവും വലിയ എൽ.എൻ.ജി ഉത്പാദന പ്ളാന്റിന്റെ പ്രവർത്തനം കഴിഞ്ഞ ആഴ്ച നിറുത്തിയിരുന്നു.
യുദ്ധകാലത്തെ എണ്ണക്കുതിപ്പ്
വർഷം : സംഭവം: വിലയിലെ മാറ്റം(ബാരലിന്) ഉത്പാദനത്തിലെ ഇടിവ്
1974-75 യോം കിപ്പൂർ യുദ്ധം 8 ഡോളർ 7-9 ശതമാനം
1978-80 ഇറാൻ വിപ്ളവം 25 ഡോളർ 6-8 ശതമാനം
1980-81 ഇറാൻ-ഇറാഖ് യുദ്ധം 8 ഡോളർ 5-6 ശതമാനം
2002-03 ഇറാഖ് യുദ്ധം 10 ഡോളർ 3 ശതമാനം
1990-91 ഗൾഫ് യുദ്ധം 24 ഡോളർ 8 ശതമാനം
2022 ഉക്രയിൻ യുദ്ധം 55 ഡോളർ 3 ശതമാനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |