
കൊച്ചി: വിലയിലെ റെക്കാഡ് കുതിപ്പ് കണക്കിലെടുത്ത് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്‌ജറ്റിൽ സ്വർണത്തിന്റെയും എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ടിന്റെയും(ഇ.ടി.എഫ്) നികുതി നിരക്കുകൾ പരിഷ്‌കരിക്കാൻ ധനമന്ത്രി നിർമ്മല സീതാരാമൻ തയ്യാറായേക്കും. ആഭരണമായി സ്വർണം വാങ്ങുന്നതിന് പകരം ഡിജിറ്റൽ നിക്ഷേപങ്ങളായ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ, സോവറിൻ ഗോൾഡ് ഫണ്ടുകൾ എന്നിവയിൽ പണം മുടക്കുന്നവർക്ക് അധിക ആനൂകൂല്യങ്ങൾ ലഭ്യമാക്കാൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾ സമ്മർദ്ദം ശക്തമാക്കി. അതേസമയം വിലയിലെ കുതിപ്പ് റീട്ടെയിൽ വിൽപ്പനയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ സ്വർണത്തിന്റെ ചരക്കു സേവന നികുതി(ജി.എസ്.ടി) നിലവിലെ മൂന്ന് ശതമാനത്തിൽ നിന്ന് 1.5 ശതമാനമായി കുറയ്ക്കണമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ധനമന്ത്രി നിർമ്മല സീതാരാമന് നിവേദനം നൽകി.
സ്വർണത്തിന്റെ ജി.എസ്.ടി കുറയുന്നതോടെ സംസ്ഥാനത്തെ ജുവലറി മേഖലയ്ക്ക് ഏറെ ആശ്വാസമാകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്‌ദുൽ നാസർ എന്നിവർ പറഞ്ഞു. സ്വർണ ഇറക്കുമതിക്ക് രാജ്യത്തെ വീടുകളിൽ സൂക്ഷിക്കുന്ന സ്വർണത്തിന്റെ റീസൈക്ളിംഗിന് പ്രാധാന്യം നൽകുന്ന നയം രൂപീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |