
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ വിപണികളിൽ അതിരൂക്ഷമായ രക്തച്ചൊരിച്ചിൽ തുടരുന്നു. അമേരിക്കൻ, ഇസ്രയേൽ ആക്രമണത്തിനെ നേരിടാൻ ലോകത്തിലെ 20 ശതമാനം ചരക്കുഗതാഗതം കൈകാര്യം ചെയ്യുന്ന ഹോർമുസ് ഇടനാഴി ഇറാൻ അടച്ചതോടെ ലോകം രൂക്ഷമായ ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുന്നതാണ് നിക്ഷേപകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചത്. വിദേശ, ആഭ്യന്തര നിക്ഷേപകർ സൃഷ്‌ടിച്ച കനത്ത വില്പന സമ്മർദ്ദത്തിൽ ഇന്നലെ സെൻസെക്സും നിഫ്‌റ്റിയും തകർന്നടിഞ്ഞു. സപ്ളൈ തടസപ്പെട്ടതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ, പ്രകൃതി വാതക വില കുതിച്ചുയരുന്നതിനാൽ കമ്പനികളുടെ ഉത്പാദന ചെലവ് ഗണ്യമായി കൂടുമെന്ന് വിലയിരുത്തുന്നു.
ഏഷ്യയിലെ പ്രധാന ഓഹരി സൂചികകളെല്ലാം തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു. സെൻസെക്‌സ് തുടക്കത്തിൽ 1,700 പോയിന്റ് വരെ ഇടിഞ്ഞതിനു ശേഷം 1,122.66 പോയിന്റ് ഇടിഞ്ഞ് പതിനൊന്ന് മാസത്തിലെ ഏറ്റവും താഴ്‌ന്ന തലമായ 79,116.19ൽ വ്യാപാരം അവസാനിച്ചു. നിഫ്‌റ്റി 385.20 പോയിന്റ് നഷ്‌ടത്തോടെ 24,480.50ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികൾ 2.16 ശതമാനം വിലത്തകർച്ച നേരിട്ടു. ധനകാര്യ, മെറ്റൽ, വാഹന, റിയൽറ്റി മേഖലയിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. ടാറ്റ സ്‌റ്റീൽ, ഇന്റർഗ്ളോബ് ഏവിയേഷൻ, ഗ്രാസിം ഇൻഡസ്ട്രീസ്, ടാറ്റ കൺസ്യൂമർ സർവീസസ് തുടങ്ങിയവയാണ് നഷ്‌ടം നേരിട്ട പ്രമുഖ കമ്പനികൾ.
നിക്ഷേപ ആസ്തിയിൽ ഇന്നലെയുണ്ടായ ഇടിവ്
പത്ത് ലക്ഷം കോടി രൂപ
റെക്കാഡ് താഴ്ചയിൽ രൂപ
ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്താർജിച്ചതും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയ്ക്ക് കനത്ത തിരിച്ചടിയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 67 പൈസ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലമായി 92.16ൽ എത്തി. ക്രൂഡോയിൽ വിലയിലെ കുതിപ്പ് ഇന്ത്യയുടെ വ്യാപാര കമ്മി ഉയർത്തുമെന്ന ആശങ്കയും രൂപയ്ക്ക് വിനയായി. യെൻ, യൂറോ, പൗണ്ട് എന്നിവയ്ക്കെതിരെ ഡോളർ തുടർച്ചയായി കരുത്ത് നേടുകയാണ്.
ക്രൂഡോയിൽ കത്തിക്കയറിയേക്കും
ഖത്തർ പ്രകൃതി വാതക ഉത്പാദനം നിറുത്തിയതും സൗദി അറേബ്യയിലെ ആരാംകോ റിഫൈനറി പൂട്ടിയതും ഇന്ധന വിപണിയിൽ പ്രതിസന്ധി ശക്തമാക്കുന്നു. ക്രൂഡോയിൽ വില ഒരവസരത്തിൽ ബാരലിന് 85 ഡോളർ വരെ ഉയർന്നതിന് ശേഷം 83 ഡോളറിന് അടുത്താണ് വ്യാപാരം നടത്തുന്നത്. രണ്ടാഴ്ചയ്ക്കിടെ വില ബാരലിന് 10 ഡോളറാണ് കൂടിയത്.
സ്വർണ വിലയിൽ ചാഞ്ചാട്ടം
ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 100 ഡോളർ ഉയർന്ന് 5,200 ഡോളറിന് അടുത്തെത്തി. എന്നാൽ കേരളത്തിൽ പവൻ വില 2,280 രൂപ കുറഞ്ഞ് 1,20,640 രൂപയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |