കൊച്ചി: സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽസിന്റെ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ഈ മേഖലയിൽ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. റിയാബ് ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി കൈത്തറി മേഖലയിലുള്ളവരെ പ്രോത്സാഹിപ്പിക്കണം. പരുത്തിയുടെ ലഭ്യത ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ഈ മേഖലയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടെക്‌സ്‌റ്റൈൽ മേഖലയിലുള്ള പൊതുമേഖലാസഹകരണ സ്ഥാപനങ്ങളുടെ മേധാവികൾ, കൺസൾട്ടൻസി, ടെക്‌നോളജി, മാനേജ്‌മെന്റ് പ്രമുഖർ തുടങ്ങിയവർ ശില്പശാലയിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. പൊതുമേഖലാസഹകരണ സ്ഥാപനങ്ങളുടെ ബിസിനസ് തന്ത്രങ്ങൾ, ഉത്പാദന ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ, ഉത്പാദനം മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായ നൂതന സാങ്കേതിക വിദ്യ ആൻഡ് മെതേഡ്‌സ്, മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം, സർക്കാർ തല നയ രൂപീകരണത്തിനുള്ള ശുപാർശകൾ തുടങ്ങിയ വിഷയങ്ങളിൽ സഞ്ജയ് അറോറ, വാസിർ അഡ്വൈസേഴ്‌സ്, അളഗൻ കറുപ്പണ്ണൻ, ഹിൽ സിൽവർ, എം. പരമേശ്വരൻ, സ്പിന്‌ടെക് അസോസിയേറ്റ്‌സ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സെമിനാറിൽ റിയാബ് ചെയർമാൻ ഡോ.ആർ.അശോക്, റിയാബ് മെമ്പർ സെക്രട്ടറി കെ.പത്മകുമാർ, ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്‌റ്റൈൽസ് ഡയറക്ടർ കെ.എസ്. അനിൽകുമാർ, റിയാബ് പി.എം.യു അഡ്വൈസർ (മാസ്റ്റർ പ്‌ളാൻസ്) കെ.കെ. റോയ് കുര്യൻ, ടെക്‌സ്‌റ്റൈൽ മേഖലയിൽ പ്രവർത്തിക്കുന്ന പൊതുമേഖല സഹകരണ സ്ഥാപനങ്ങളിലെ മാനേജിംഗ് ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |