റിട്ടേൺ സമർപ്പിക്കാൻ 2022 ഫെബ്രുവരി 28 വരെ സമയം
ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തെ ജി.എസ്.ടി റിട്ടേണുകൾ സമർപ്പിക്കാനുള്ള അന്തിമതീയതി കേന്ദ്രസർക്കാർ ഈമാസം 31ൽ നിന്ന് 2022 ഫെബ്രുവരി 28ലേക്ക് നീട്ടി. വാർഷിക റിട്ടേണായ ഫോം ജി.എസ്.ടി.ആർ-9, സ്വയംസാക്ഷ്യപ്പെടുത്തിയ രേഖകളുടെ ഫോം ജി.എസ്.ടി.ആർ-9സി എന്നിവ സമർപ്പിക്കാനാണ് കൂടുതൽ സാവകാശമെന്ന് സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സി.ബി.ഐ.സി) വ്യക്തമാക്കി.
ജി.എസ്.ടി രജിസ്ട്രേഷനുള്ള, രണ്ടുകോടി രൂപയ്ക്കുമേൽ വാർഷിക വിറ്റുവരവുള്ള ബിസിനസ് സംരംഭകൻ നിർബന്ധമായും സമർപ്പിക്കേണ്ടതാണ് ഫോം ജി.എസ്.ടി.ആർ-9. സംരംഭകൻ വാങ്ങിയതും വിറ്റതുമായ ഉത്പന്ന/സേവനങ്ങളുടെ വിവരങ്ങളാണ് ഇതിൽ വ്യക്തമാക്കേണ്ടത്. അഞ്ചുകോടി രൂപയ്ക്കുമേൽ വാർഷിക വിറ്റുവരവുള്ളവരാണ് ജി.എസ്.ടി.ആർ-9നൊപ്പം ജി.എസ്.ടി.ആർ-9സിയും സമർപ്പിക്കേണ്ടത്. ജി.എസ്.ടി.ആർ-9ലെ വിവരങ്ങൾ ശരിവയ്ക്കുന്ന ഓഡിറ്റഡ് കണക്കുകൾ അടങ്ങുന്ന സ്വയംസാക്ഷ്യപത്രമാണ് ജി.എസ്.ടി.ആർ-9സി. ഇരു ഫോമുകളും പൊരുത്തപ്പെട്ടില്ലെങ്കിൽ നികുതിദായകനെതിരെ നടപടിയുണ്ടാകും.
അഞ്ചുകോടി കവിഞ്ഞ്
ആദായനികുതി റിട്ടേൺ
2020-21 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ (ഐ.ടി.ആർ) സമർപ്പണം അഞ്ചുകോടി കവിഞ്ഞുവെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. റിട്ടേൺ സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 2019-20ൽ 5.95 കോടി റിട്ടേണുകൾ സമർപ്പിക്കപ്പെട്ടിരുന്നു. 2019-20ലെ ഐ.ടി.ആർ ഇനിയും വെരിഫൈ ചെയ്യാത്തവർക്ക് 2022 ഫെബ്രുവരി 28 വരെ സാവകാശമുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |