ഏറ്റവും മൂല്യമുള്ള 50 ലിസ്റ്റഡ് കമ്പനികളിലൊന്നായി നൈക
മുംബയ്: ഓഹരി വിപണിയിൽ ലഭിച്ച ആവേശോജ്വല സ്വീകരണത്തിന്റെ കരുത്തിൽ പ്രമുഖ ബ്യൂട്ടി, ഫാഷൻ ഉത്പന്ന വിതരണ ബ്രാൻഡായ നൈക ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 50 ലിസ്റ്റഡ് കമ്പനികളുടെ പട്ടികയിൽ ഇടംനേടി. കഴിഞ്ഞ 10ന് ഓഹരി വിപണിയിൽ ഒന്നിന് 1,125 രൂപയ്ക്ക് കന്നിവ്യാപാരം തുടങ്ങിയ നൈകയുടെ (എഫ്.എസ്.എൻ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സ്) ഓഹരികൾ കഴിഞ്ഞയാഴ്ചയിലെ വ്യാപാരാന്ത്യമുള്ളത് 2,358.90 രൂപയിൽ; കമ്പനിയുടെ ആകെമൂല്യം 1.11 ലക്ഷം കോടി രൂപയിലുമെത്തി.
ആകെമൂല്യം ഇന്നലെ ഉച്ചയോടെ 1.10 ലക്ഷം കോടി രൂപ പിന്നിട്ടപ്പോൾ പട്ടികയിൽ 48-ാം സ്ഥാനമാണ് നൈകയെ തേടിയെത്തിയത്. ബജാജ് ഓട്ടോ, ഡാബർ ഇന്ത്യ എന്നിവയെ മറികടന്ന നൈക, സൊമാറ്റോയുടെ തൊട്ടുപിന്നിലാണുള്ളത്. സൊമാറ്റോയുടെ മൂല്യം 1.17 ലക്ഷം കോടി രൂപ. ഐ.പി.ഒയ്ക്ക് ശേഷം 52.56 ശതമാനം ഓഹരികളാണ് നൈക സി.ഇ.ഒ ഫൽഗുനി നയ്യാർ ഉൾപ്പെടെയുള്ള പ്രമോട്ടർമാരുടെ കൈവശമുള്ളത്. പൊതു നിക്ഷേപകരുടെ പക്കൽ 47.44 ശതമാനം. അതായത് 58,691 കോടി രൂപയാണ് പ്രമോട്ടർമാരുടെ ആസ്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |