വെക്കേഷന് ഏറെപ്പേരും തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഗോവ. നൈറ്റ് ലൈഫ് ആവോളം ആസ്വദിക്കാവുന്ന ബീച്ചുകളും മനോഹരമായ സ്ഥലങ്ങളുമാണ് ഇവിടത്തെ പ്രത്യേകത. സ്വതന്ത്ര ചിന്താഗതിക്കാരായ ആളുകളുടെ പറുദീസ കൂടിയാണ് ഗോവ. എന്നാൽ, ഇവിടെ ഒറ്റയ്‌ക്കെത്തുന്ന സ്‌ത്രീകൾക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വന്നിരുന്നു. പ്രത്യേകിച്ച് ഒറ്റയ്‌ക്കെത്തുന്നവരെ പുരുഷന്മാർ ശല്യപ്പെടുത്തുന്നത് ഇവിടുത്തെ പതിവ് പ്രശ്‌നമാണ്.
ഈ പ്രശ്‌നം പരിഹരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഗോവ സർക്കാർ പുതിയ തീരുമാനം എടുത്തിരിക്കുകയാണ്. ബീച്ചിൽ സ്‌ത്രീകൾക്ക് മാത്രം പ്രവേശനമുള്ള മേഖല സൃഷ്‌ടിക്കാനാണ് തീരുമാനം. ഇവിടേക്ക് പുരുഷന്മാരെ കടത്തിവിടില്ല. അതിനാൽ, സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും സ്‌ത്രീകൾക്ക് ഗോവയുടെ സൗന്ദര്യവും ബീച്ചും ആസ്വദിക്കാനാവും.
പുതിയ നിയമങ്ങൾ
അരാംബോൾ, മോർജിം, ബാഗ, കലാൻഗുട്ട്, മിറാമർ, ബൈന, ബോഗ്മാലോ, കോൾവ, ബാഗ-2, അശ്വെം എന്നിവയുൾപ്പെടെയുള്ള ബീച്ചുകളിലാണ് ഗോവ സർക്കാർ അതിർത്തി തിരിച്ചിരിക്കുന്നത്. വിനോദസഞ്ചാരികളുടെ തിരക്കേറുന്ന സമയങ്ങളിൽ 100ലധികം മേഖലകളിലേക്ക് ഈ പദ്ധതി വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ ഓരോ മേഖലകളും മൂന്നായാണ് തിരിച്ചിരിക്കുന്നത്. പുരുഷന്മാർക്ക്, സ്‌ത്രീകൾക്ക്, കുടുംബമായി എത്തുന്നവക്ക് എന്നിങ്ങനെയാണത്. അതിർത്തികൾ ലംഘിക്കാതിരിക്കാൻ ഈ ഭാഗങ്ങളിൽ കയർ കെട്ടി വേർതിരിച്ചിട്ടുണ്ട്. കൂടാതെ സുരക്ഷയുടെ ഭാഗമായി ഈ മേഖലകളിൽ ജല കായിക വിനോദങ്ങൾ നിരോധിച്ചിട്ടുണ്ട്. ദൃഷ്ടി മറൈന്റെ കീഴിലാണ് ഈ പദ്ധതി നടക്കുന്നത്. പുതിയ തീരുമാനത്തിന് വളരെയധികം പ്രശംസകൾ ലഭിക്കുന്നുണ്ടെന്നാണ് ദൃഷ്ടി മറൈനിന്റെ ഓപ്പറേഷൻസ് മാനേജർ ശശികാന്ത് ജാദവ് പറയുന്നത്. ഒറ്റയ്‌ക്ക് വരുന്ന സ്‌ത്രീകളും സുരക്ഷിതരായിരിക്കണം. അവധിക്കാലം ആഘോഷിക്കാനായാണ് അവർ ഇവിടേക്കെത്തുന്നത്. അങ്ങനെയുള്ളവർക്ക് ഒരു മോശം അനുഭവം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോവയിലെ ബീച്ചുകളിൽ വച്ച് ചില പുരുഷന്മാർ വളരെ മോശം രീതിയിൽ തങ്ങളെ സ്‌പർശിച്ചുവെന്നും ശരിയല്ലാത്ത ഭാഷയിൽ സംസാരിച്ചുവെന്നും നിരവധി സ്‌ത്രീകൾ സോഷ്യൽ പോസ്റ്റിട്ടിട്ടുണ്ട്. ഏറെപേരും പൊലീസിൽ പരാതിപ്പെട്ടിട്ടുമുണ്ട്. സെൽഫി എടുക്കുന്നുവെന്ന വ്യാജേന ചിലർ സ്‌ത്രീകളുടെ ചിത്രങ്ങൾ പകർത്തുകയും അസഭ്യമായ പരാമർശങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.
വിമർശകർക്ക് പറയാനുള്ളത്
ബീച്ചുകൾ ഇങ്ങനെ കെട്ടിയടയ്‌ക്കുന്നതിന് പകരം സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി പൊലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. 'ഇന്ന് സ്‌ത്രീകൾക്ക് പ്രത്യേക മേഖലയുണ്ട്. പിന്നീട് നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും പ്രത്യേക മേഖലകളാകും. മത്സ്യത്തൊഴിലാളികൾക്ക് അവരുടെ മേഖലകൾ നഷ്‌ടപ്പെടും', എന്നാണ് മനുഷ്യാവകാശ പ്രവർത്തക ആൽബെർട്ടിന അൽമേഡ പറയുന്നത്. ബീച്ചിന്റെ പല ഭാഗങ്ങളിലായി പൊലീസ് കോൺസ്റ്റബിളോ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരോ ഉണ്ടാകുന്നതാവും കൂടുതൽ നല്ലതെന്നും അവർ പറഞ്ഞു.
ഗോവ ടൂറിസവും ഭാവി പദ്ധതികളും
ഇൻസ്റ്റഗ്രാം, യൂട്യൂബ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഗോവയിലെത്തുന്ന സ്‌ത്രീകളുടെ ചിത്രങ്ങളും വീഡിയോയും പലരും പങ്കുവയ്‌ക്കാറുണ്ട്. അവർ പോലുമറിയാതെയാണ് വീഡിയോ എടുക്കുന്നത്. ഇങ്ങനെ അനുവാദമില്ലാതെ വീഡിയോകൾ എടുത്തതിനും അത് പ്രചരിപ്പിച്ചതിനും പലരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്ത്യക്കാർക്ക് മാത്രമല്ല, വിദേശ വിനോദസഞ്ചാരികൾക്കും ഈ പ്രശ്‌നം ഉണ്ടായിട്ടുണ്ട്.
സംസ്ഥാന ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച്, 2024ൽ ഗോവയിൽ 86,28,162 ആഭ്യന്തര വിനോദസഞ്ചാരികളും 4.52 ലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികളും എത്തിയിട്ടുണ്ട്. 2023ൽ 81,75,460 ആഭ്യന്തര വിനോദസഞ്ചാരികളും 4,52,702 അന്താരാഷ്ട്ര വിനോദസഞ്ചാരികളും ഗോവയിലെത്തി. ഡബോലിം വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. 2023നെ അപേക്ഷിച്ച് 2024ൽ 27 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ബാഗ, കലാൻഗുട്ട് പോലുള്ള ജനപ്രിയ ബീച്ചുകളിൽ അമിതമായി ആളുകൾ എത്തുന്നതിനാൽ തദ്ദേശീയരും വിനോദസഞ്ചാരികളും തമ്മിലുള്ള ഇടയ്ക്കിടെയുള്ള സംഘർഷങ്ങൾ പതിവാണ്. ഇത് ഒഴിവാക്കാനും തിരക്ക് നിയന്ത്രിക്കുന്നതിനും, മാലിന്യ സംസ്കരണം നടത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി റോഹൻ ഖൗണ്ടെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |