ബീജിംഗ്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ പ്രതികരണവുമായി ചൈന. ഇരുപക്ഷവും സംയമനം പാലിക്കണമെന്നും ഇന്ത്യയുടെ സൈനിക നടപടി ഖേദകരമാണെന്നും പാകിസ്ഥാന്റെ അടുത്ത സഖ്യകക്ഷിയായ ചൈന അറിയിച്ചു.
'ഇന്ത്യയും ചൈനയും അയൽരാജ്യങ്ങളാണ്. നിലവിലെ സ്ഥിതിഗതിയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ഇരുരാജ്യങ്ങളും ചൈനയുടെ കൂടി അയൽക്കാരാണ്. എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നു. സമാധാനത്തിനും സ്ഥിരതയ്‌ക്കും മുൻഗണന നൽകണം. ശാന്തതയും സംയമനവും പാലിക്കണം. സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്ന നടപടികൾ സ്വീകരിക്കാതിരിക്കാൻ ഇന്ത്യയോടും പാകിസ്ഥാനോടും ഞങ്ങൾ ആവശ്യപ്പെടുന്നു', ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്‌താവനയിൽ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ സൈനിക തിരിച്ചടിയിൽ 80 ഭീകരവാദികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയത്. നിരോധിത ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ് (ജെഎം), ലഷ്‌കർഇതൊയ്ബ (എൽഇടി) എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് അതിർത്തി കടന്നുള്ള ആക്രമണം ഇന്ത്യ നടത്തിയത്. ആക്രമണത്തിൽ ഭീകരരുടെ ഒളിത്താവളങ്ങൾ തകർന്നെന്നാണ് റിപ്പോർട്ട്.
ജെയ്‌ഷെ മുഹമ്മദ് ശക്തികേന്ദ്രങ്ങളായ ബഹവൽപൂരിലും മുരിദ്‌കെയിലുമാണ് ഏറ്റവും വലിയ രണ്ട് ആക്രമണങ്ങൾ നടത്തിയത്. ഓരോ കേന്ദ്രങ്ങളിലും 25 മുതൽ 30 ഭീകരവാദികൾ കൊല്ലപ്പെട്ടെന്നാണ് വിവരം. മുരിദ്‌കെയിൽ, ലഷ്‌കർ ഇ തൊയ്ബയുടെ നാഡീ കേന്ദ്രവും ആസ്ഥാനവുമായ മസ്ജിദ് വാ മർകസ് തൈബയായിരുന്നു ലക്ഷ്യം. പാകിസ്ഥാന്റെ 'ഭീകര നഴ്സറി' എന്ന് പണ്ടേ കണക്കാക്കപ്പെട്ടിരുന്ന സ്ഥലമായിരുന്നു ഇത്.
പഹൽഗാമിൽ വിനോദസഞ്ചാരികളായ 26പേരെ പാക് ഭീകരർ കൊലപ്പെടുത്തിയതിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയിരിക്കുന്നത്. നിരപരാധികളെ കൊന്നൊടുക്കിയതിന് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യ തിരിച്ചടിച്ചു. നിരവധി സ്ത്രീകളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരർക്ക് തിരിച്ചടി നൽകിയപ്പോൾ 'ഓപ്പറേഷൻ സിന്ദൂർ' എന്നതിനേക്കാൾ അനുയോജ്യമായ മറ്റെന്ത് പേരാണ് നൽകുകയെന്നാണ് രാജ്യമൊന്നാകെ അഭിപ്രായപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |