SignIn
Kerala Kaumudi Online
Wednesday, 15 January 2025 10.31 AM IST

ഒരിക്കലും റീലുകൾ കാണാൻ പാടില്ലാത്തൊരു സമയമുണ്ട്; കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങൾ

Increase Font Size Decrease Font Size Print Page
instagram

ആദ്യം ഫേസ്ബുക്കായിരുന്നെങ്കിൽ ഇപ്പോൾ ഇൻസ്റ്റഗ്രാമാണ് മിക്കവരുടെയും ഇഷ്ടപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം. അഞ്ച് മിനിട്ട് കിട്ടിയാൽ ഉടൻ റീലുകൾ കാണുന്നവരും ഏറെയാണ്. മുപ്പത് സെക്കൻഡുകൾക്കിടയിൽ ആളുകളുടെ വികാരങ്ങൾ മാറിമറിയുന്നു. ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതുമായ നിരവധി റീലുകൾ ട്രെൻഡുകളായി മാറാറുണ്ട്. ഈ ശീലം നിരുപദ്രവകരമായി തോന്നിയേക്കാം. എന്നാൽ പലരും ശ്രദ്ധിക്കാതെ പോകുന്ന വലിയൊരു അപകടം ഇതിൽ പതിയിരുപ്പുണ്ട്.

റീലുകളോടുള്ള ഈ അഡിക്ഷൻ നിങ്ങളുടെ ആരോഗ്യത്തെപ്പോലും ബാധിക്കും. ചൈനയിലെ ഹെബെയ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്. അമിതമായി റീലുകൾ കാണുന്നത്, പ്രത്യേകിച്ച് രാത്രി വൈകി റീലുകൾ കാണുന്നത് യുവാക്കളിലും മദ്ധ്യവയസ്‌കരിലും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാദ്ധ്യത നിശബ്ദമായി വർദ്ധിപ്പിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

ബാധിക്കുക തലച്ചോറിനെ

അമിതമായ രീതിയിൽ റീലുകൾ കാണുന്നത് ഉയർന്ന രക്തസമ്മർദ്ദവും ഹൈപ്പർടെൻഷനും ഉണ്ടാക്കുമെന്നാണ് ബയോമെഡ് സെൻട്രൽ (ബിഎംസി) ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലുള്ളത്. 2023 ജനുവരിക്കും സെപ്തംബറിനുമിടയിലാണ് പഠനം നടത്തിയത്.

ചൈനയിൽ റിലുകൾക്ക് അഡിക്ടായ യുവാക്കളും മദ്ധ്യവയസ്‌കരുമായ 4,318 വ്യക്തികളിലാണ് പഠനം നടത്തിയത്. ഇവരെയെല്ലാം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ടെലിവിഷൻ കാണാനും വീഡിയോ ഗെയിമുകൾ കളിക്കാനും കമ്പ്യൂട്ടറുകൾ ഉപയോഗിക്കാനുമൊക്കെയെടുക്കുന്ന സമയത്തെക്കുറിച്ചൊക്കെ ചോദിച്ചു. റീലുകൾ സ്‌ക്രോൾ ചെയ്യുന്നത് മാനസിക ഉത്തേജനത്തിനും സമ്മർദത്തിനുമൊക്കെ കാരണമാകുമെന്ന് പഠനത്തിൽ കണ്ടെത്തി.


ഒരു റീൽ സന്തോഷിപ്പിക്കുന്നതാണെങ്കിൽ തൊട്ടടുത്ത റീൽ ചിലപ്പോൾ സങ്കടപ്പെടുത്തുന്നതായിരിക്കാം. ഇത്തരത്തിൽ ദ്രുതഗതിയിലുള്ള മാറ്റം തലച്ചോറിനെ വളരെ ദോഷകരമായി ബാധിക്കും. വളരെ ഭയാനകമായ മറ്റൊരു കാര്യമുണ്ട്. ഉറങ്ങുന്നതിന് മുമ്പുള്ള ഒന്നോ രണ്ടോ മണിക്കൂർ സ്‌ക്രീനിൽ നോക്കുന്നത് പോലും ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാദ്ധ്യത ഗണ്യമായി ഉയർത്തുമെന്ന് മുൻ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ബംഗളൂരു ആസ്ഥാനമായുള്ള കാർഡിയോളജിസ്റ്റ് ഡോ. ദീപക് കൃഷ്ണമൂർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് ഈ കണ്ടെത്തലുകൾ കൂടുതൽ ചർച്ചയായത്. 'വലിയ അശ്രദ്ധയും സമയനഷ്ടവും മാത്രമല്ല, യുവാക്കളിലും മദ്ധ്യവയസ്‌ക്കരിലും ഉയർന്ന രക്തസമ്മർദ്ദവുമായും റീൽ ആസക്തി ബന്ധപ്പെട്ടിരിക്കുന്നു. അൺഇൻസ്റ്റാൾ ചെയ്യാനുള്ള സമയമായി'- എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പഠന റിപ്പോർട്ട് പങ്കുവച്ചത്. ഇത് തങ്ങളുടെ സ്‌ക്രോളിംഗ് ശീലങ്ങളെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ ആളുകളെ പ്രേരിപ്പിച്ചെന്നായിരുന്നു റിപ്പോർട്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 30 മുതൽ 79 വയസ് വരെയുള്ള 1.3 ബില്യൺ ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ട്. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമൊക്കെ ഇത് കാരണമാകും. അതുപോലെ തന്നെ അകാല മരണത്തിനുള്ള പ്രധാന കാരണവുമാണിത്.

ഉറക്കത്തെ ബാധിക്കും

രാത്രി ഏറെ വൈകി റീലുകൾ കാണുന്നത് നിങ്ങളുടെ ഉറക്കത്തിനെ ബാധിക്കും. സ്‌ക്രീനുകളിൽ നിന്ന് പുറപ്പെടുവിക്കുന്ന നീല വെളിച്ചം മെലറ്റോണിൻ ഉൽപാദനത്തെ ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഇതുവഴി ശാന്തമായ ഉറക്കം ലഭിക്കാതിരിക്കുന്നു. മാത്രമല്ല പല റീലുകളും നമ്മുടെ മനസിനെ അലോസരപ്പെടുത്താറുണ്ട്. റീലുകൾ കണ്ടുകഴിഞ്ഞാലും ചിന്ത അതിനെപ്പറ്റിയാകും. ഇതുമൂലം ഉറക്കത്തിന്റെ ക്വാളിറ്റിയെ ദോഷകരമായി ബാധിക്കും. മതിയായ ഉറക്കം കിട്ടാതിരിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാദ്ധ്യത കൂട്ടുന്നു.


ആരോഗ്യകരമായ സ്‌ക്രീൻ ശീലങ്ങൾ വികസിപ്പിക്കാൻ

കിടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും ഫോൺ മാറ്റിവയ്ക്കുക.

രാത്രികാലങ്ങളിൽ നിങ്ങളുടെ സ്‌ക്രീനിന്റെ ലൈറ്റ് ക്രമീകരിക്കുന്ന ബ്ലൂ ലൈറ്റ് ഫിൽട്ടറുകളോ ആപ്പുകളോ ഉപയോഗിക്കാൻ ശ്രമിക്കുക.

ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഫോൺ ഉപയോഗിക്കുന്നതിന് പകരം വായിക്കുകയോ മെഡിറ്റേറ്റ് ചെയ്യുകയോ ചെയ്യാം.

കിടപ്പുമുറിയും ശാന്തമായ രീതിയിൽ ഒരുക്കാൻ ശ്രമിക്കുക.

TAGS: REEL ADDICTION, SLEEP, EXPLAINER, INSTAGRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.