വ്യായാമം ആരോഗ്യത്തിന് നല്ലതാണെന്നത് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. വ്യായാമം ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിന് നല്ലതാണെന്നതും തർക്കമില്ലാത്ത വിഷയമാണ്. മാത്രമല്ല, പതിവായി വ്യായാമം ചെയ്‌താൽ രക്തസമ്മർദവും കൊളസ്‌ട്രോളും നിയന്ത്രിക്കാനാകും. പക്ഷാഘാതം ഉണ്ടാകാനുള്ള സാദ്ധ്യതയും കുറയുന്നു.
ചിലർ വ്യായാമം ചെയ്യാത്തതിന് കാരണം അതിനുള്ള സമയം കിട്ടുന്നില്ല എന്നതാണ്. മറ്റു ചിലരാകട്ടെ മടി കാരണം വ്യായാമം ചെയ്യുന്നില്ല. എന്നാൽ, ഇങ്ങനെയുള്ളവർ എത്രയും വേഗം വ്യായാമം ചെയ്‌ത് തുടങ്ങണം. യാതൊരു ശാരീരികമായ ജോലിയും ചെയ്യാതെ ഇരിക്കുന്നവരാണെങ്കിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ ശരീരത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങും. ഇതോടെ വ്യായാമം ഒരു ശീലമാക്കി മാറ്റാൻ നിങ്ങൾക്ക് സാധിക്കും.
ഒട്ടും വ്യായാമം ഇല്ലാത്ത വ്യക്തികൾ ആദ്യം ആഴ്‌ചയിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം വ്യായാമം ചെയ്യുക. തുടർന്ന് ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യുന്ന രീതിയിലെത്തണം. സൈക്ലിംഗ് അല്ലെങ്കിൽ വേഗത്തിലുള്ള നടത്തമാണ് ആദ്യം ചെയ്യേണ്ടത്. ശേഷം കാർഡിയോ വർക്കൗട്ടുകൾ ചെയ്യാം. ഇതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാദ്ധ്യത 20 ശതമാനം വരെ കുറയും.
എത്ര സമയം വ്യായാമം ചെയ്യണം
അടുത്തിടെ പുറത്തുവന്ന ഒരു പഠന റിപ്പോർട്ട് പ്രകാരം, മടിയനായ ഒരു വ്യക്തി ആഴ്‌ചയിൽ ഒന്നോ രണ്ടോ മണിക്കൂർ വ്യായാമം ചെയ്‌താൽ പോലും അത് ശരീരത്തിൽ വലിയ മാറ്റം വരുത്തുമെന്നാണ്. ഇവർ ആഴ്‌ചയിൽ നാല് ദിവസം വ്യായാമം ചെയ്‌താൽ ഹൃദ്‌രോഗം വരാനുള്ള സാദ്ധ്യത വീണ്ടും പത്ത് ശതമാനം കൂടി കുറയും. മാത്രമല്ല, മടിയുള്ള വ്യക്തികൾ ആഴ്‌ചയിൽ ഒമ്പത് മണിക്കൂർ വരെ വ്യായാമം ചെയ്‌താൽ അവരുടെ ഹൃദയത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കാണാനാകുമെന്നും പഠനത്തിൽ കണ്ടെത്തി.
വ്യായാമം തുടങ്ങി മൂന്ന് മാസത്തിനുള്ളിൽ തന്നെ മടിയന്മാരുടെ ഹൃദയത്തിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങും. കായിക താരങ്ങളുടെ ശരീരത്തിലേതുപോലെ തന്നെ സാധാരണ വ്യായാമം ചെയ്യുന്ന മനുഷ്യന്റെ ശരീരത്തിലും ഹൃദയപേശികൾക്ക് ബലം ഉണ്ടാവുന്നതായി കണ്ടെത്തി. അതിനാൽ, ഏതൊരു മനുഷ്യനും കുറഞ്ഞത് ആഴ്‌ചയിൽ നാല് മണിക്കൂർ വ്യായാമം ചെയ്യണം. അതിൽ കൂടുതൽ ചെയ്യാൻ സാധിക്കുമെങ്കിൽ നല്ലതാണ്.
തീവ്രത
വ്യായാമം ചെയ്യാൻ വളരെ കുറച്ച് സമയം മാത്രം ലഭിക്കുന്ന വ്യക്തികൾ ഇക്കാര്യം വളരെയധികം ശ്രദ്ധിക്കണം. ആഴ്‌ചയിൽ നാലിൽ കുറവ് മണിക്കൂർ മാത്രമേ വ്യായാമം ചെയ്യാൻ നിങ്ങൾക്ക് ലഭിക്കുന്നുള്ളു എങ്കിൽ തീവ്രത കൂടിയ വെയിറ്റ് ട്രെയിനിംഗ് പോലുള്ളവ ചെയ്യുക. ഹൈ ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിംഗ് (HIIT) വർക്കൗട്ടുകളും നല്ലതാണ്. 15 - 20 മിനിട്ട് വരുന്ന ഈ വ്യായാമം തീവ്രത കൂടിയതാണ്. മാത്രമല്ല, രക്തസമ്മർദം, കൊളസ്‌ട്രോൾ ഉൾപ്പെടെയുള്ള രോഗങ്ങൾ പെട്ടെന്ന് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
ശ്രദ്ധിക്കണം
ജന്മനാ ഹൃദയസംബന്ധമായ അസുഖമുണ്ടെങ്കിൽ ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രം വ്യായാമം ചെയ്യുക. ഇവർക്ക് നടത്തം പോലെ തീവ്രത കുറഞ്ഞതും മിതവുമായ വ്യായാമമാകും നിർദേശിക്കുക.
ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം വ്യായാമം ചെയ്യാൻ സമയം കിട്ടുന്നവർ വിഷമിക്കേണ്ട. മുമ്പ് നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തയത് പ്രകാരം രണ്ടോ മൂന്നോ ദിവസം വ്യായാമം ചെയ്യുന്നവരിലും ഹൃദയാരോഗ്യം മികച്ച രീതിയിലായിരിക്കും എന്നാണ്. ഇക്കൂട്ടർക്ക് ഹൃദ്‌രോഗം വരാനുള്ള സാദ്ധ്യതയും വളരെ കുറവാണ്. അതിനാൽ, അസുഖങ്ങളില്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം വ്യായാമം ചെയ്‌ത് തുടങ്ങേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |