
റിയാദ്: മദ്യ വിതരണത്തിൽ ഇളവ് വരുത്തി നിർണായക തീരുമാനവുമായി സൗദി അറേബ്യ. രാജ്യത്ത് താമസിക്കുന്ന മുസ്ലീം ഇതര മതക്കാർക്ക് മദ്യം ഉപയോഗിക്കുന്നതിൽ വിലക്കില്ലെന്നാണ് സൗദിയുടെ പുതിയ തീരുമാനം. എന്നാൽ മാസം 50,000 റിയാലിന് (11 ലക്ഷത്തോളം ഇന്ത്യൻ രൂപ) മുകളിൽ വരുമാനമുള്ളവർക്ക് മാത്രമാണ് ഈ ഇളവുള്ളത്. റിയാദിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏക മദ്യവിൽപ്പനശാലയിൽ പ്രവേശനം നേടുന്നതിന് താമസക്കാർ ശമ്പള സർട്ടിഫിക്കറ്റ് കാണിച്ച് വരുമാനം തെളിയിക്കേണ്ടതുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉപയോക്താവ് പറഞ്ഞു.
കഴിഞ്ഞ വർഷമാണ് റിയാദിൽ മദ്യശാല ആരംഭിച്ചത്. ഇവിടെ വിദേശ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമേ മദ്യം ലഭിച്ചിരുന്നുള്ളൂ. അടുത്തിടെയാണ് ഉയർന്ന വരുമാനമുള്ള മുസ്ലീം ഇതര മതവിഭാഗത്തിൽപ്പെട്ടവർക്ക് മദ്യം ലഭിച്ച് തുടങ്ങിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഒന്നും പുറത്തുവന്നിട്ടില്ല. റിയാദ് ഔട്ട്‌ലെറ്റിലെ ഉപഭോക്താക്കൾക്ക് പ്രതിമാസ പോയിന്റ് അധിഷ്ഠിത അലവൻസ് സംവിധാനത്തിന് കീഴിൽ മദ്യം വാങ്ങാം.
രാജ്യത്തെ രണ്ട് സുപ്രധാന നഗരങ്ങളിൽ ഉടൻ തന്നെ ഔട്ട്‌ലെറ്റ് ആരംഭിക്കുമെന്ന് അടുത്തിടെ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. സാമൂഹിക നിയന്ത്രണങ്ങൾ ലഘൂകരിച്ച് സൗദിയെ ബിസിനസ്സിനും വിദേശ നിക്ഷേപത്തിനും അകർഷണമാക്കുന്നതിന് വേണ്ടിയാണ് മദ്യം ലഭ്യമാക്കുന്ന നടപടികളിലേക്ക് ഭരണകൂടം കടക്കുന്നത്. സൗദിയുടെ വളർച്ചയ്ക്ക് വിദേശ നിക്ഷേപമടക്കമുള്ള കാര്യങ്ങൾ നിർണായകമാണെന്നാണ് അധികൃതർ വിലയിരുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് സൗദി സാക്ഷ്യം വഹിച്ചത്. സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് രാജ്യം പിൻവലിച്ചു. സിനിമയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. 35 വർഷമാണ് സൗദിയിൽ സിനിമയ്ക്കും സിനിമാശാലകൾക്കും നിരോധനം ഉണ്ടായിരുന്നത്. എല്ലാ നിരോധനവും അവസാനിപ്പിച്ചത് 2018ലായിരുന്നു. അതിന് കാരണക്കാരനായത് ഭരണാധികാരി മുഹമ്മദ് ബിൻ സൽമാനാനായിരുന്നു. പലകോണുകളിൽ നിന്ന് എതിർപ്പുയർന്നുവെങ്കിലും അതൊന്നും ചെവികൊടുക്കാതെ അദ്ദേഹം തീരുമാനം നടപ്പാക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |