
ചണ്ഡിഗഡ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ചെയ്യുമ്പോള്‍ അത് രാജ്യത്തെ പൗരന്‍മാരെ ബുദ്ധിമുട്ടിക്കാതെ വേണമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പലപ്പോഴും അതല്ല യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാരണം പഞ്ചാബിലെ ഒരു പഴക്കച്ചവടക്കാരന് വന്‍ നഷ്ടമാണുണ്ടായത്. നടപടിക്രമങ്ങളിലെ കാലതാമസം കാരണം 89,420 കിലോഗ്രാം കിവി പഴമാണ് ചീഞ്ഞഴുകി നശിച്ചത്. സംഭവത്തില്‍ കസ്റ്റംസിനെ അതിരൂക്ഷമായി വിമര്‍ശിച്ച കോടതി 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു.
പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടേതാണ് വിധി. ജസ്റ്റിസുമാരായ സഞ്ജീവ് പ്രകാശ് ശര്‍മ്മ, സഞ്ജയ് വസിഷ്ഠ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പഞ്ചാബിലെ ലുധിയാനയിലെ ഒരു പഴക്കച്ചവടക്കാരനാണ് കേസിലെ പരാതിക്കാരന്‍. 2023ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ചിലിയില്‍ നിന്ന് ദുബായ് വഴിയാണ് 89,420 കിലോഗ്രാം കിവി ഇറക്കുമതി ചെയ്തത്. 80,478 ഡോളര്‍ (66 ലക്ഷം രൂപ) വിലമതിക്കുന്ന പഴങ്ങള്‍ കൊണ്ടുവന്നിരുന്നു.
മൂന്ന് മാസത്തിലേറെയാണ് മുന്ദ്ര തുറമുഖത്ത് വിട്ടുകിട്ടാതെ പാഴ്‌സല്‍ കുടുങ്ങിക്കിടന്നത്. ഇതോടെ പഴങ്ങള്‍ ചീഞ്ഞഴുകി വ്യാപാരിക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തു. ഷിപ്പിംഗ് കമ്പനിയായ മെസ്സേഴ്‌സ് ട്രാന്‍സ്ലൈനര്‍ മാരിടൈം പ്രൈവറ്റ് ലിമിറ്റഡിനെയും മുന്ദ്രയിലെയും ലുധിയാനയിലെയും കസ്റ്റംസ് ഉദ്യോഗസ്ഥരെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. തികഞ്ഞ നിരുത്തരവാദപരമായ പെരുമാറ്റമെന്ന് കോടതി വിലയിരുത്തി.
50 ലക്ഷം രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചതിന് പുറമേ പരാതിക്കാരന്‍ അടച്ച കസ്റ്റംസ് തീരുവയും 6 ശതമാനം വാര്‍ഷിക പലിശയും തിരികെ നല്‍കാനും നിര്‍ദേശിച്ചു. കേടാകുന്ന വസ്തുക്കളുടെ വേഗത്തിലുള്ള ചരക്ക് നീക്കം ഉറപ്പാക്കണമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |