
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക് സ്വന്തം. അവസാന മത്സരത്തില്‍ 30 റണ്‍സിന് വിജയിച്ചതോടെ 3-1ന് ആണ് അഞ്ച് മത്സര പരമ്പര ഇന്ത്യ നേടിയത്. അവസാന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസിന്റെ മറുപടി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എന്ന സ്‌കോറില്‍ അവസാനിച്ചു.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് നല്‍കിയത് അര്‍ദ്ധ സെഞ്ച്വറി നേടിയ താരം 35 പന്തുകളില്‍ നിന്ന് 65 റണ്‍സ് നേടി പുറത്തായി. മറ്റൊരു ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സ് 13(12) റണ്‍സ് നേടി പുറത്തായി. ഡി കോക്ക് - ഡിവാള്‍ഡ് ബ്രെവിസ് 31(17) സഖ്യം രണ്ടാം വിക്കറ്റില്‍ അതിവേഗം റണ്‍സ് കണ്ടെത്തിയപ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ സ്‌കോര്‍ 118 റണ്‍സ്. അവസാന 10 ഓവറുകളില്‍ 114 റണ്‍സ് കൂടി വേണമായിരുന്നു ജയത്തിലേക്ക്.
പിന്നീട് തുടരെ വിക്കറ്റുകള്‍ വീണതോടെ സന്ദര്‍ശകരുടെ ഇന്നിംഗ്‌സിന്റെ താളം തെറ്റുകയായിരുന്നു. ഡേവിഡ് മില്ലര്‍ 18(14), എയ്ഡന്‍ മാര്‍ക്രം 6(4), ഡൊണോവാന്‍ ഫെറെയ്‌റ 0(1), ജോര്‍ജ് ലിന്‍ഡെ 16(8), മാര്‍കോ യാന്‍സന്‍ 14(5) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. നാല് വിക്കറ്റുകള്‍ വീഴ്ത്തി മദ്ധ്യ ഓവറുകളില്‍ വരുണ്‍ ചക്രവര്‍ത്തിയാണ് കളി ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയത്. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്കും അര്‍ഷ്ദീപ് സിംഗിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് ആണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടി തിലക് വര്‍മ്മ 73(42), ഹാര്‍ദിക് പാണ്ഡ്യ 63(25) എന്നിവരുടെ ബാറ്റിംഗ് പ്രകടനങ്ങളാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മ 34(21), സഞ്ജു സാംസണ്‍ 37(22) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |