ജയ്പൂർ: ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനി പ്രാചിയാണ് (9) ക്ലാസ് മുറിയിൽ കുഴഞ്ഞുവീണത്. രാജസ്ഥാനിലെ ജയ്പൂരിലെ സ്കൂളിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉച്ചഭക്ഷണത്തിനായി പാത്രം തുറക്കുന്നതിനിടെ ബോധരഹിതയായി ക്ലാസ് മുറിയിൽ വീഴുകയായിരുന്നു. സമീപത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രാചിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് കുടുംബം അവകാശപ്പെടുന്നത്. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പനി ഉണ്ടായിരുന്നതായും കുടുംബം പറഞ്ഞു. അതേസമയം തിങ്കളാഴ്ച സ്കൂളിലെത്തിയപ്പോൾ പൂർണ ആരോഗ്യവതിയായി പ്രാചിയെ കണ്ടുവെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ തന്നെ ഹൃദയമിടിപ്പ് നിലച്ചിരുന്നുവെന്നും, സിപിആർ, ഓക്സിജൻ, മറ്റ് ആവശ്യമായ മരുന്നുകൾ നൽകിയിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. വളരെ അപൂർവമായിട്ടേ കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ സംഭവിക്കുകയുള്ളുവെന്ന് ഡോക്ടർ വ്യക്തമാക്കി.
കുട്ടിക്ക് നേരത്തെ ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നിരിക്കാമെന്നും അത് ശ്രദ്ധിക്കപ്പെടാതെ പോയതാണ് ഹൃദയാഘാതത്തിന് കാരണമായതെന്നാണ് ഡോക്ടർമാർ സംശയിക്കുന്നത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയയ്ക്കാൻ കുടുംബം ആഗ്രഹിക്കാത്തതിനാൽ അന്ത്യകർമങ്ങൾക്കായി മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |