രാജകീയമായി കെ.സി.എൽ കിരീടം നേടാൻ ട്രിവാൻഡ്രം റോയൽസ് ടീം
തിരുവനന്തപുരം : ആദ്യ സീസണിൽ സെമിഫൈനലിൽ പൊലിഞ്ഞുപോയ കിരീടസ്വപ്നങ്ങൾക്ക് ഇക്കുറി സുവർണനിറം പകരാനാണ് കെ.സി.എല്ലിലെ തലസ്ഥാനത്തിന്റെ സ്വന്തം ടീമായ ട്രിവാൻഡ്രം റോയൽസ് കളത്തിലിറങ്ങുന്നത്. രഞ്ജി ട്രോഫി താരം കൃഷ്ണപ്രസാദ് അമരക്കാരനാകുന്ന ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യപരിശീലകസ്ഥാനത്തേക്ക് ഇക്കുറിയെത്തുന്നത് മുൻ കേരള രഞ്ജി താരം എസ്.മനോജാണ്.
ആദ്യ സീസണിൽ പ്രാഥമികറൗണ്ടിലെ 10 മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ വിജയം നേടി സെമിയിലെത്തിയിരുന്ന റോയൽസ് അവിടെ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനോടാണ് കീഴടങ്ങിയത്. പിഴവുകൾ തിരുത്തി പുതിയൊരു തുടക്കത്തിന് ശ്രമിക്കുന്ന മനോജും ശിഷ്യരും പോണ്ടിച്ചേരിയിലെ ആദ്യഘട്ട പരിശീലനം കഴിഞ്ഞ് ഇപ്പോൾ തിരുവനന്തപുരത്തെ മംഗലപുരം ഗ്രൗണ്ടിലാണ് ക്യാമ്പ്.
സന്തുലിതം ടീം
കഴിഞ്ഞ സീസണിൽ ആൾറൗണ്ടർമാരിൽ ശ്രദ്ധ കേന്ദ്രീകരിച്ച റോയൽസ് ഇക്കുറി തികച്ചും സന്തുലിതമായ ടീമിനെയയാണ് അണിനിരത്തിയിരിക്കുന്നത്. ആറ് ബാറ്റർമാരും അഞ്ച് ആൾറൗണ്ടർമാർക്കുമൊപ്പം അഞ്ച് മികച്ച ബൗളർമാരേയും ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. ബാറ്റിംഗിന്റെ കുന്തമുനയാകുന്നത് ക്യാപ്ടൻ കൃഷ്ണപ്രസാദ് തന്നെ. ഉപനായകൻ ഗോവിന്ദ് ദേവ് പൈ,വിക്കറ്റ് കീപ്പറായ സുബിൻ,അഭിജിത് പ്രവീൺ, റിയ ബഷീർ തുടങ്ങിയവർക്കൊപ്പം കഴിഞ്ഞ സീസണിൽ ബാറ്റുകൊണ്ടും ബാളുകൊണ്ടും വിസ്മയം തീർത്ത അബ്ദുൽ ബാസിത്തും അണിനിരക്കും.
കഴിഞ്ഞസീസണിൽ തങ്ങളെ ഏറ്റവും കൂടുതൽ കുഴപ്പിച്ചത് ബൗളിംഗ് ആയിരുന്നുവെന്ന് പരിശീലകൻ മനോജ് പറയുന്നു. അത് കണക്കിലെടുത്താണ് ഇക്കുറി കേരളത്തിന്റെ സൂപ്പർ പേസർ ബേസിൽ തമ്പിയെ ടീമിലെത്തിച്ചത്. റോയൽസിനായി ആദ്യ സീസണിൽ ഏറ്റവും കൂടുൽ വിക്കറ്റ് വീഴ്ത്തിയ ബാസിത്തിനൊപ്പം ബേസിൽ കൂടിചേരുമ്പോൾ ബൗളിംഗ് കരുത്ത് ഇരട്ടിയാകും. നിർണായകഘട്ടങ്ങളിൽ നന്നായി ബാറ്റുവീശാനും കഴിയുന്ന താരമാണ് ബേസിൽ. ഇരുവർക്കും പുറമെ ടീമിലെത്തിച്ചിരിക്കുന്ന ഫാനൂസും അജിത്തും നിഖിലും ബൗളിംഗ് ഡിപ്പാർട്ട്മെന്റിലെ തുറുപ്പുചീട്ടുകളാണ്. കഴിഞ്ഞ സീസണിൽ ആലപ്പി റിപ്പിൾസിന്റെ ടോപ് വിക്കറ്റ് ടേക്കറായിരുന്നു ഫാനൂസ്. ഇപ്പോൾ കേരളത്തിലെ തന്നെ മികച്ച ഇടംകയ്യൻ സ്പിന്നർമാരിലൊരാളായ അജിത്ത് എൻ.എസ്.കെ ട്രോഫിയിലെ ഏറ്റവും മികച്ച ബൗളറായിരുന്നു. അനന്തകൃഷ്ണൻ ഉഗ്രൻ ആൾറൗണ്ടറാണ്.
തലസ്ഥാനത്തിന്റെ ടീം
ആദ്യ വട്ടം ടീമിൽ തിരുവനന്തപുരംകാരായ കളിക്കാർ കുറവായിരുന്നെന്ന പരാതി പരിഹാരിക്കാൻ ഇക്കുറി ടീം മാനേജ്മെന്റ് തയ്യാറായിട്ടുണ്ട്. പേരിൽ മാത്രമല്ല ആളിലും ഇക്കുറി ട്രിവാൻഡ്രത്തിന്റെ സ്വന്തം ടീമാണ് റോയൽസ്. ക്യാപ്ടൻ കൃഷ്ണപ്രസാദടക്കം അഞ്ചുപേരാണ് തിരുവനന്തപുരത്തുള്ളത്. അതുകൊണ്ടുതന്നെ ഇക്കുറി ഗാലറി സപ്പോർട്ടും റോയൽസ് പ്രതീക്ഷിക്കുന്നു.
ട്രിവാൻഡ്രം റോയൽസ് സ്ക്വാഡ്
കൃഷ്ണ പ്രസാദ് (ക്യാപ്ടൻ),ഗോവിന്ദ് ദേവ് പൈ( വൈസ് ക്യാപ്ടൻ), റിയാ ബഷീർ, സഞ്ജീവ് സതീശൻ, അബ്ദുൾ ബാസിത്, അനന്തകൃഷ്ണൻ, അഭിജിത്ത് പ്രവീണ്‍, വിനിൽ ടി. എസ്, നിഖിൽ, ബേസിൽ തമ്പി, ഫാനൂസ്, ആസിഫ് സലാം,അജിത് വി, അനുരാജ് ജെ.എസ്, സുബിൻ എസ്, അദ്വൈത് പ്രിൻസ്.
ടീമുടമകൾ
സംവിധായകൻ പ്രിയദർശൻ,ജോസ് പട്ടാര,കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ,റിയാസ് ആദം,ഷിബു മാത്യൂസ്, ടോം എം.ജോസഫ് എന്നിവർ നേതൃത്വം നൽകുന്ന കൺസോർഷ്യം.
മികച്ച വൈബിലാണ് ടീം. സഹതാരങ്ങളെ ഒന്നിച്ചുനിറുത്താനും പ്രചോദിപ്പിക്കാനും കഴിയുന്ന ബേസിൽ തമ്പിയെപ്പോലുള്ള സീനിയർ താരങ്ങളുടെ സാന്നിദ്ധ്യം ടീമിന് ഉണർവ് പകരുന്നു. ഇക്കുറി ഞങ്ങൾ കപ്പടിക്കും.
എസ്. മനോജ് , ഹെഡ് കോച്ച്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |