ന്യൂഡൽഹി: നിയമവിരുദ്ധ ബെറ്റിംഗ് ആപ്പുകളുമായി ബന്ധപ്പെട്ട കേസിൽ മുൻ ഇന്ത്യൻ താരങ്ങളായ യുവരാജ് സിംഗിനെയും റോബിൻ ഉത്തപ്പയെയും ചോദ്യം ചെയ്യുന്നതിനായി സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഉത്തപ്പ സെപ്തംബർ 22നും യുവാരാജ് സിംഗ് സെപ്തംബർ 23നുമാണ് ഡൽഹിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇരുവരെയും ചോദ്യംചെയ്യുക.
റാേബിൻ ഉത്തപ്പയ്ക്ക് 1x bet എന്ന ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് സമൻസ് അയച്ചിരിക്കുന്നത്. കമ്പനിയുമായുള്ള ബന്ധം, ഇരുവരുടെയും കരാറുകളുടെ വിശദാംശങ്ങൾ, ആപ്പ് അംഗീകരിച്ചതിന് ഇരുവർക്കും ലഭിച്ച പ്രതിഫലം എന്നിവയെക്കുറിച്ചായിരിക്കും ഏജൻസി ചോദ്യം ചെയ്യുക.
ഇന്ത്യയിലെ നിയമ വ്യവസ്ഥിതികൾ ലംഘിക്കുന്ന തരത്തിൽ സെലിബ്രിറ്റികൾ അറിഞ്ഞോ അറിയാതെയോ ഇത്തരം ബെറ്റിംഗ് ആപ്പുകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ നടപടികൾ നടത്തുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെയും കഴിഞ്ഞ ആഴ്ച ഡൽഹിയിലെ ഓഫീസിൽ വച്ച് എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്തതിരുന്നു. 1x bet എന്ന ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പങ്കിനെക്കുറിച്ചും അറിയാൻ ഓഗസ്റ്റിൽ മുൻ ഇന്ത്യൻ താരമായ സുരേഷ് റെയ്‌നയെയും ഇഡി ചോദ്യം ചെയ്തിരുന്നു.
1xBet ന്റെ ഇന്ത്യൻ ബ്രാൻഡ് അംബാസഡർ നടി ഉർവശി റൗട്ടേലയെ ചോദ്യം ചെയ്യാൻ ഇഡി സമൻസ് അയച്ചെങ്കിലും ഇതുവരെ താരം ഹാജരായിട്ടില്ല. ബംഗാളി നടൻ അങ്കുഷ് ഹസ്ര ചൊവ്വാഴ്ച ഇഡിക്ക് മുന്നിൽ ഹാജരായി. മുൻ ടിഎംസി എംപിയും നടനുമായ മിമി ചക്രവർത്തിയെ മണിക്കൂറുകളോളമാണ് ഈഡി ചോദ്യം ചെയ്തത്. ഇതിനു പിന്നാലെയാണ് യുവരാജിനെയും ഉത്തപ്പയെയും ചോദ്യംചെയ്യാൻ വിളിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |