വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രഥമവനിത മെലാനിയ ട്രംപ് എന്നിവർ യുകെ സന്ദർശനത്തിനായി ലണ്ടനിലെത്തിയിരിക്കുകയാണ്. വ്യാപാര കരാറുകൾ, റഷ്യ-യുക്രെയിൻ യുദ്ധം തുടങ്ങിയ ലോകരാഷ്ട്രീയം ചർച്ചയുടെ ഭാഗമാകുമെന്നാണ് വിവരം. ഇത് രണ്ടാം തവണയാണ് ട്രംപ് യുകെ സന്ദർശനം നടത്തുന്നത്. ട്രംപും മെലാനിയയും സന്ദർശനത്തിനായി വാഷിംഗ്‌ടണിൽ നിന്ന് പുറപ്പെടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനിടെ ഒരു ചിത്രം ചൂടേറിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
ട്രംപിന്റെ വലതുകൈപ്പത്തിയിൽ മേക്കപ്പ് ചെയ്തിരിക്കുന്ന ചിത്രമാണ് ചർച്ചയാവുന്നത്. ട്രംപിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് ചിത്രം ശ്രദ്ധനേടുന്നത്. 79കാരനായ ട്രംപിന്റെ കൈകളിൽ മുറിവുകൾ ഏറ്റിരിക്കുന്നതിന്റെയും ഇത് കടുത്ത മേക്കപ്പ് കൊണ്ട് മറച്ചിരിക്കുന്നതിന്റെയും ചിത്രങ്ങൾ നേരത്തെയും പലരും ശ്രദ്ധിച്ചിരുന്നു. ഓഗസ്റ്റിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യൂംഗുമായുള്ള ചർച്ചക്കിടെ ട്രംപിന്റെ വലത് കൈയിൽ മുറിവേറ്റിരുന്നതും വാർത്തയായിരുന്നു. മേജർ ലീഗ് താരമായ റോജർ ക്ലെമൻസുമൊത്തുള്ള ഗോൾഫ് ഔട്ടിംഗിനിടെയും ട്രംപിന്റെ കൈകളിൽ സമാനരീതിയിൽ മുറിവുകളുണ്ടായിരുന്നു.
അതേസമയം, ട്രംപിന് 'ക്രോണിക് വെനസ് ഇൻസഫിഷ്യൻസി' എന്ന രോഗാവസ്ഥയാണെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ അധികൃതർ വെളിപ്പെടുത്തിയിരുന്നു. ഹൃദയത്തിലേയ്ക്ക് ശരിയായ രീതിയിൽ രക്തം എത്തിക്കാൻ കാലിലെ ഞരമ്പുകൾക്ക് കഴിയാതെ വരുന്ന അവസ്ഥയാണിത്. പതിവായി ആസ്‌പിരിൻ ഗുളിക കഴിക്കുന്നതും കൈവിറയ്ക്കുന്നതും മൂലം തൊലിപ്പുറത്ത് അസ്വസ്ഥതകൾ ഉണ്ടാകുന്നതാണ് ട്രംപിന്റെ കൈകളിൽ എപ്പോഴും മുറിവുകൾ പറ്റുന്നതിന് കാരണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റും അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ട്രംപിന് കാൻസർ ആണെന്നും ഇതാണ് കൈകളിലെ മുറിവുകൾക്ക് കാരണമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |