ന്യൂഡൽഹി : കർണാടകയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിനെ കുറിച്ചുള്ള ആരോപണങ്ങളിൽ സത്യവാങ്‌മൂലം സമർപ്പിക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. കർണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഹുലിന് ഇത് സംബന്ധിച്ച് കത്ത് നൽകി.
വോട്ടർ പട്ടികയിലെ ക്രമക്കേടുകളുടെ വിശദാംശങ്ങൾ സത്യവാങ്മൂലത്തിലൂടെ സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി സത്യവാങ്മൂലത്തിന്റെ മാതൃകയും നൽകിയിട്ടുണ്ട്. ബി.എൻ.എസ് സെക്ഷൻ 227 പ്രകാരം തെറ്റായ തെളിവ് നൽകുന്നത് ശിക്ഷാർഹമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നറിയിപ്പ് നൽകി.
അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്ന് എ.ഐ.സി.സി ജനരൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി വ്യക്തമാക്കി. എല്ലാ തെളിവുകളും കാണിക്കാമെന്നും ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണിതെന്നും വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ വൻ അട്ടിമറി നടന്നുവെന്നാണ് രാഹുൽ ഗാന്ധി ഇന്ന് ആരോപിച്ചത്. കർണാടകയിലെ ഒരു ലോക്സഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷം കള്ളവോട്ടു ചേർത്തു എന്ന് ചൂണ്ടിക്കാട്ടിയുള്ള തെളിവുകളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്രമക്കേടിനെ കുറിച്ച പ്രതിജ്ഞാ പത്രത്തിൽ എഴുതി നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വെല്ലുവിളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |