
ഷിംല: അരുണാചൽ പ്രദേശിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമുള്ള മലയിടുക്കിലേക്ക് മിനി ട്രക്ക് മറിഞ്ഞ് 21 പേർക്ക് ദാരുണാന്ത്യം.
ടീ എസ്റ്റേറ്റ് തൊഴിലാളികളുമായി പോയ ട്രക്കാണ് മറിഞ്ഞത്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ നാല് കിലോമീറ്ററോളം നടന്ന് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ക്യാമ്പിലെത്തിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. ഇയാളെ ആശുപത്രിയിലെത്തിച്ചു.
അസാമിലെ ടിൻസുകിയയിലെ ഗെലാപുഖുരി ടീ എസ്റ്റേറ്റിൽ നിന്നുള്ള തൊഴിലാളികൾ ഹയുലിയാങ്ങിലേക്ക് പോകുകയായിരുന്നെന്നാണ് വിവരം.
അൻജാവ് ജില്ലയിലെ ചഗ്ലഗാം പ്രദേശത്തുള്ള ഹയുലിയാങ്‌ചഗ്ലഗാം റോഡിൽ നിന്ന് നിയന്ത്രണം വിട്ട് ട്രക്ക് 1000 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
വിവരമറിഞ്ഞയുടൻ സൈന്യമുൾപ്പെടെയെത്തി. ദുർഘടമായ ഭൂപ്രകൃതി, നെറ്റ്‌വർക്ക് കണക്‌റ്റിവിറ്റിയുടെ അഭാവം എന്നിവയാൽ വൈകിയാണ് രക്ഷാപ്രവർത്തനം ആരംഭിക്കാനായത്. നാല് മണിക്കൂർ നീണ്ട തെരച്ചിലിനുശേഷമാണ് റോഡിൽ നിന്ന് 200 മീറ്റർ താഴെയായി ട്രക്ക് കണ്ടെത്തിയത്. ഹെലികോപ്ടറിൽ നിന്നോ റോഡിൽ നിന്നോ കാണാൻ കഴിയാത്ത നിലയിലാണ് വാഹനം കിടന്നിരുന്നത്. ബെയ്ലി റോപ്പുകൾ ഉപയോഗിച്ച് മൃതദേഹങ്ങൾ വീണ്ടെടുത്തു. 18 പേരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മൂന്ന് പേരെ തിരിച്ചറിയാനുണ്ടെന്നും അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |