
ന്യൂഡൽഹി: ഇന്ത്യയും യു.എസും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്നലെ ഫോണിൽ സംസാരിച്ചു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യയ്‌ക്കെതിരെ അധികതീരുവ ട്രംപ് ഭരണകൂടം ചുമത്തിയത് ഇരുരാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിയിരുന്നു. ഇന്ത്യ- യു.എസ് വ്യാപാരക്കരാർ അന്തിമമാക്കേണ്ടതുമുണ്ട്. യു.എസ് ഉപ വ്യാപാര പ്രതിനിധി റിക് സ്വിറ്റ്സർ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലുണ്ട്. ഇതിനിടെയാണ് ഫോൺ സംഭാഷണമെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിച്ചതിനു പിന്നാലെയാണിത്. ട്രംപുമായി ഊഷ്‌മളമായ സംഭാഷണം നടത്തിയെന്ന് മോദി സമൂഹ മാദ്ധ്യമമായ എക്‌സിൽ കുറിച്ചു. ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി അവലോകനം ചെയ്‌തു. പ്രാദേശിക, അന്തർദേശീയ തലത്തിലെ സംഭവവികാസങ്ങളും ചർച്ചയായി. ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്‌ക്കായി ഇന്ത്യയും യു.എസും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും മോദി കൂട്ടിച്ചേർത്തു. ട്രംപ് ഭരണകൂടം ഇന്ത്യയ്‌ക്കുമേൽ അധിക ഇറക്കുമതി തീരുവ ചുമത്തിയതിനു ശേഷം ഇരുനേതാക്കളും നടത്തുന്ന മൂന്നാമത്തെ ഫോൺ സംഭാഷണമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |