
ദൈനംദിന ജീവിതത്തിൽ മിക്കവർക്കും ഒഴിച്ചുകൂടാനാകാത്ത വസ്തുവാണ് പാൽ. പണ്ടുകാലങ്ങളിൽ നേരിട്ട് കറന്നെടുക്കുന്ന പാലാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ കൂടുതലാളുകളും പായ്ക്ക് ചെയ്ത പാലാണ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നത്. ഡൽഹി പോലുള്ള വൻനഗരങ്ങളിൽ പ്രതിദിനം 60 മുതൽ 70 ലക്ഷം ലിറ്റർ പാലാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷീര കമ്പനിയായ മദർ ഡയറി പ്രതിദിനം 3.5 മില്യൺ ലിറ്റർ പാലാണ് വിപണിയിൽ എത്തിക്കുന്നത്. അതിൽ ഭൂരിഭാഗവും പായ്ക്ക് ചെയ്ത രൂപത്തിലാണ് എത്തിക്കുന്നത്.
ഇന്ത്യയിൽ നല്ലൊരു വിഭാഗം ജനതയും പായ്ക്ക് ചെയ്ത പാലാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ പാൽ ഉപയോഗിക്കുന്നതിന് മുൻപ് മിക്ക വീടുകളിലും വർഷങ്ങളായി പിന്തുടർന്നുവരുന്ന ഒരു കാര്യമുണ്ട്.
ഉപയോഗിക്കുന്നതിന് മുൻപ് വീണ്ടും തിളപ്പിക്കുകയാണ് ചെയ്യുന്നത്. കൂടുതൽ സുരക്ഷയ്ക്കുവേണ്ടിയാണ് പലരും ഇത് ചെയ്യുന്നത്. ഇത് ചെയ്യുന്നത് ശരിയാണോ? പ്രമുഖ ഗവേഷകരും ഡോക്ടർമാകും ക്ഷീരവിദഗ്ദരും ഈ പ്രവണതയെ ഒന്നടങ്കം മണ്ടത്തരമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
പാസ്ചറൈസേഷന് വിധേയമാക്കിയശേഷമാണ് പാൽ പായ്ക്ക് ചെയ്ത് വിപണിയിലേക്ക് എത്തിക്കുന്നത്. അതായത് പാലിലടങ്ങിയിരുന്ന എല്ലാവിധ സൂക്ഷമാണുക്കളെയും നശിപ്പിച്ച് അണുവിമുക്തമാക്കിയാണ് പായ്ക്ക് ചെയ്യുന്നത്. ഇത്തരത്തിലുള്ള പാൽ വീണ്ടും തിളപ്പിക്കുന്നതിലൂടെ പോഷകഗുണം വീണ്ടു കുറയുകയും വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി, മറ്റ് പ്രോട്ടീനുകൾ തുടങ്ങിയവ കുറയും. പായ്ക്ക് ചെയ്ത പാൽ ഉപയോഗിച്ച ശേഷം സുരക്ഷിതമായി മാറ്റിവച്ചാൽ വീണ്ടും വിനിയോഗിക്കാം. റഫ്രിജറേറ്ററിൽ മണിക്കൂറുകളോളം സൂക്ഷിച്ച പാൽ ചെറുതായി ചൂടാക്കുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷെ നേരിട്ട് കറന്നെടുക്കുന്ന പാല് നന്നായി ചൂടാക്കിയതിനുശേഷമേ ഉപയോഗിക്കാവൂ.
1. പാസ്‌ചറൈസ് ചെയ്ത പാൽ
ഒരു പ്രത്യേക താപനിലയിൽ ഭക്ഷണം ചൂടാക്കി, അതിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്ന ഒരു പ്രക്രിയയാണ് പാസ്ചറൈസേഷൻ. ഇത് പ്രധാനമായും പാൽ, ജ്യൂസ് തുടങ്ങിയ ദ്രാവക ഭക്ഷണപാനീയങ്ങൾ കേടാകാതെ സൂക്ഷിക്കാനും സുരക്ഷിതമാക്കാനും വേണ്ടിയാണ് ചെയ്യുന്നത്. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചറാണ് ഈ പ്രക്രിയ കണ്ടെത്തിയത്, അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായാണ് ഈ പേര് നൽകിയിരിക്കുന്നത്.
ഒരു നിശ്ചിത താപനിലയിൽ (ഉദാഹരണത്തിന്, 72 ഡിഗ്രി സെൽഷ്യസിൽ 15 സെക്കന്റ്) ഭക്ഷണം ചൂടാക്കി പെട്ടെന്ന് തണുപ്പിക്കുകയാണ് ഈ രീതി. ഇത് ഭക്ഷണത്തിലെ രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു. തുടക്കത്തിൽ വൈൻ, ബിയർ തുടങ്ങിയ ലഹരിപാനീയങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനാണ് ഈ രീതി ഉപയോഗിച്ചിരുന്നത്.
പാൽ 15 മുതൽ 30 സെക്കൻഡ് നേരത്തേക്ക് 72 മുതൽ 85 ഡിഗ്രിസെൽഷ്യസ് വരെ ചൂടാക്കി, പിന്നീട് വേഗത്തിൽ തണുപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ പാലിലടങ്ങിയിരിക്കുന്ന ഇ.കോളി, സാൽമൊണെല്ല, ലിസ്റ്റീരിയ തുടങ്ങിയ ദോഷകരമായ ബാക്ടീരിയകളെ 99.9 ശതമാനം നശിപ്പിക്കുകയും ഗുണകരമായ പോഷകഘടകങ്ങളെയും എൻസൈമുകളെയും നിലനിർത്തുകയും ചെയ്യിപ്പിക്കുന്നു. ഇത്തരത്തിൽ പാസ്‌ചറൈസ് ചെയ്ത പാൽ നാല് ഡിഗ്രി സെൽഷ്യസിലാണ് സൂക്ഷിക്കേണ്ടത്. നാല് മുതൽ ഏഴ് ദിവസംവരെ ഈ പാൽ സുരക്ഷിതമായി ഉപയോഗിക്കാം.
2. അൾട്രാ ഹൈ ടെമ്പറേച്ചർ മിൽക്ക്
രണ്ടുമുതൽ അഞ്ച് സെക്കൻഡ് കൊണ്ട് 135 മുതൽ 150 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുന്ന പാലാണ്. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ പാലിൽ അടങ്ങിയിരിക്കുന്ന എല്ലാവിധ സൂക്ഷ്മാണുക്കളും നശിക്കുന്നു. അസെപ്റ്റിക് പാക്കേജിംഗ് നടത്തുന്നതുകൊണ്ട് പാലിന് യാതൊരുതരത്തിലും കേടുപാടുണ്ടാകില്ല. ഈ പാക്കറ്റ് തുറക്കാതെ വച്ചാൽ മുന്നുമാസം മുതൽ ആറുമാസം വരെ യാതൊരുകേടുപാടുമില്ലാതെ സൂക്ഷിച്ചുവയ്ക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |