
ബംഗളൂരു: പാമ്പ് കടിയേറ്റുള്ള മരണം രാജ്യത്ത് ആശങ്കാജനകമായി ഉയർന്ന സാഹചര്യത്തിൽ പാമ്പിന്റെ വിഷം സ്ഥിരീകരിക്കാൻ ലളിതമായ മാർഗം കണ്ടെത്തി കർണാടകയിലെ ഒരു കൂട്ടം ഗവേഷകർ. സ്‌നേക്ക് വെനം റാപ്പിഡ് ടെസ്റ്റ് കിറ്റ് എന്നാണ് ഇതിന്റെ പേര്. പ്രെഗ്നൻസി ടെസ്റ്റ് പോലെ ലളിതമാണിത്. പാമ്പ് കടിയേറ്റാൽ ശരീരത്തിൽ വിഷമുണ്ടോ ഇല്ലയോ എന്ന് രണ്ട് മിനിറ്റിനുള്ളിൽ കണ്ടെത്താമെന്നാണ് വാഗ്‌ദാനം.
നിലവിൽ, ശരീരത്തിൽ വിഷമുള്ളതും വിഷമില്ലാത്തതുമായ അവസ്ഥ വേർതിരിച്ചറിയാൻ ഡോക്ടർമാർക്ക് സ്റ്റാൻഡേർഡ് പരിശോധനയില്ല. പാമ്പ് കടിയേൽക്കുമ്പോൾ ഏറെ നേരം പരിഭ്രാന്തിയും ആശയക്കുഴപ്പവും നിലനിൽക്കുന്നു. കടിച്ചത് വിഷപ്പാമ്പാണോ എന്ന് തിരിച്ചറിയുകയാണ് ഇതിൽ പ്രധാനം.
ഇതിന് പരിഹാരമായി വികസിപ്പിച്ചതാണ് ഈ അതിവേഗ രോഗനിർണയ ഉപകരണം. പാമ്പ് കടിയേറ്റാൽ വിഷം പത്ത് മിനിറ്റിനുള്ളിൽ ശരീരത്തിൽ പടരാൻ തുടങ്ങും. കിറ്റുണ്ടെങ്കിൽ കടിയേറ്റ വ്യക്തി ആശുപത്രിയിലെത്തുമ്പോൾ വിഷമുണ്ടോയെന്ന് തത്ക്ഷണം സ്ഥിരീകരിക്കാം.
ലോകത്ത് ആദ്യമായാണ് ഇത്തരമൊരു കിറ്റ്. ബംഗളൂരുവിലെ ഭട്ട് ബയോടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് പിന്നിൽ. രണ്ട് മാസത്തിനുള്ളിൽ വിപണിയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഡോ. വിവേക് വേയ്സ്, വിശാൽ കതാരിയ, പ്രദീപ് ദിവേറ്റ്, ജിതേന്ദ്ര ഹെഗ്‌ഡെ എന്നിവർ സ്‌നേക്ക് വെനം റാപ്പിഡ് ടെസ്റ്റ് കിറ്റിന്റെ പേറ്റന്റ് നേടി.
# പരിശോധന ലളിതം
പാമ്പ് കടിയേറ്റയാളുടെ രണ്ട് തുള്ളി രക്തം ഉപകരണത്തിലേക്ക് കടത്തിവിടും
രണ്ട് വരകൾ പ്രത്യക്ഷപ്പെട്ടാൽ ഫലം പോസിറ്റീവ്. അതായത് കടിച്ചത് വിഷപ്പാമ്പാണ്
രണ്ടാമത്തെ വര ദൃശ്യമാകുന്നില്ലെങ്കിൽ ഫലം നെഗറ്റീവ്. ജീവന് അപകടമുണ്ടാകില്ലെന്ന് അർത്ഥം
# 100 ശതമാനം കൃത്യത
വിവിധ ആശുപത്രികളിലായി 300 പേരിൽ നടത്തിയ പരീക്ഷണങ്ങളിൽ കിറ്റ് 100 ശതമാനം കൃത്യത കാണിച്ചെന്ന് നിർമ്മാതാക്കളായ ഭട്ട് ബയോടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷാമ ഭട്ട് പറഞ്ഞു. അഞ്ച് വർഷത്തെ ഗവേഷണത്തിന്റെ ഫലമാണ് കിറ്റ്.
# കാസർകോട്ട് ജനനം
കാസർകോട് ജനിച്ച ഷാമ ഭട്ട് സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉഡുപ്പിയിൽ ബിരുദം നേടി. മണിപ്പാലിലെ കെ.എം.സിയിൽ നിന്ന് എം.എസ്‌സിയും പിഎച്ച്.ഡിയും നേടി. യു.എസിലെ യൂണിവേഴ്സിറ്റി ഒഫ് കണക്‌റ്റികട്ട് ഹെൽത്ത് സെന്ററിലെ പരിശീലനം പൂർത്തിയാക്കിയ ശേഷം 1983ൽ പെൻസിൽവേനിയ സർവകലാശാലയിൽ ന്യൂറോളജി പ്രൊഫസറായി. 1994ൽ മടങ്ങിയെത്തി ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിൽ ഭട്ട് ബയോടെക് സ്ഥാപിച്ചു. ഗർഭ പരിശോധനാ കിറ്റുകളും എച്ച്.ഐ.വി, ഡെങ്കി, ഹെപ്പറ്റൈറ്റിസ് തുടങ്ങി 85ഓളം അവശ്യ രോഗനിർണയ കിറ്റുകളും അവതരിപ്പിച്ചു.
# സർക്കാർ തുടക്കത്തിൽ കിറ്റ് എല്ലാവരിലേക്കും എത്തിക്കുമോയെന്ന് അറിയില്ല. ആശാ തൊഴിലാളികൾ, ആംബുലൻസുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നൽകി ഉപയോഗ രീതി പരിശീലിപ്പിക്കാനാകും. വിഷത്തിന്റെ തരം തിരിച്ചറിയാനുള്ള നൂതന കിറ്റുകളും പുറത്തിറക്കും.
- ഡോ. ഷാമ ഭട്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |