
ആസ്ട്രേലിയയിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഡിസംബർ 10 മുതൽ നിലവിൽ വന്നു. ലോകത്തിലെ തന്നെ ഏറ്റവും കർശനമായ ഓൺലൈൻ സുരക്ഷാ നിയമങ്ങളിലൊന്നാണ് ആസ്ട്രേലിയയിൽ നിലവിൽ വന്നത്. ഇതോടെ ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം, ത്രേഡ്സ്, എക്സ്, യുട്യൂബ്, സ്നാപ്പ് ചാറ്റ്, റെഡ്ഡിറ്റ്, ടിക് ടോക് തുടങ്ങി പ്രമുഖ പ്ലാറ്റ്ഫോമുകളിൽ നിന്ന് ദശലക്ഷക്കണക്കിന് കുട്ടികളുടെ അക്കൗണ്ടുകൾ ഒറ്റയടിക്ക് നീക്കം ചെയ്യപ്പെട്ടു.
പുതിയ നിയമ പ്രകാരം 16 വയസിന് താഴെയുള്ളവരുടെ നിലവിലുള്ള അക്കൗണ്ടുകൾ നീക്കം ചെയ്യാനും പുതിയ രജിസ്ച്രേഷൻ തടയാനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ബാദ്ധ്യതയുണ്ട്. ഇത് പാലിക്കാത്ത കമ്പനികൾക്ക് 49.5 ദശലക്ഷം ഡോളർ ഏകദേശം 418 കോടി രൂപ വരെ പിഴ ചുമത്തുമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ് ആസ്ട്രേലിയയിൽ 13നും 15നും ഇടയിൽ പ്രായമുള്ള ഏകദേശം 3.5 ലക്ഷം ഉപയോക്താക്കൾ ഇൻസ്റ്രഗ്രാമിനുണ്ട്. എല്ലാ ആസ്ട്രേലിയക്കാരും തങ്ങളുടെ പ്രായം സ്ഥിരീകരിക്കേണ്ടതില്ലെങ്കിലും സംശയമുള്ളവരോട് അത് തെളിയിക്കാൻ ആവശ്യപ്പെട്ടേക്കാം.
വിദ്യാഭ്യാസപരമായ ഉപയോഗങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവാക്കാമെന്ന് സർക്കാർ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും യുട്യൂബും പട്ടികയിലുണ്ട്. നിലവിൽ റോബ് ലോക്സ്, പിൻട്രസ്റ്റ്, വാട്സ് ആപ്പ് എന്നിവയെ പട്ടികയിൽ നിന്ന് ഒഴിവാക്കി. എന്നാൽ പട്ടിക സംബന്ധിച്ച അവലോകനം നടന്നു കൊണ്ടിരിക്കുകയാണെന്നും അതിൽ മാറ്റം വന്നേക്കാമെന്നും ഉദ്യേഗസ്ഥർ പറയുന്നു. പുതിയ നിയമം നടപ്പിലാകുന്നതോടെ കുട്ടികൾ നിയന്ത്രണങ്ങൾ കുറഞ്ഞ വെബ്സൈറ്റുകൾ ആക്സസ് ചെയ്യുമെന്നും അത് അവരെ കൂടുതൽ അപകടത്തിലാക്കുമെന്നും മെറ്റ മുന്നറിയിപ്പ് നൽകി. നിയമങ്ങൾ പാലിക്കുമെന്ന് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ളള്ള എക്സ് അറിയിച്ചിട്ടുണ്ട്.
അതേസമയം കുട്ടികൾക്കുള്ള നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിച്ചത് കണ്ടന്റ് ക്രിയേറ്റർമാരെയാണ്. വിലക്ക് നിലവിൽ വന്നതിന് തൊട്ടുപിന്നാലെ ഫോളോവേഴ്സിന്റെ എണ്ണത്തിലും കാഴ്ചക്കാരുടെ എണ്ണത്തിലും വലിയഇടിവുണ്ടായതായാണ് റിപ്പോർട്ട്. ഇൻസ്റ്റഗ്രാമിലും സമാനമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൗമാരക്കാരായ പ്രേക്ഷകരെ നഷ്ടപ്പെടുന്നത് വരുമാനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് ക്രിയേറ്റർമാരുടെ ആശങ്ക. ഇത് മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് തിരിയാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |