SignIn
Kerala Kaumudi Online
Thursday, 18 July 2024 6.28 AM IST

എൻ.ഡി.എ വിജയിച്ചു, ‘ഇന്ത്യ’ പരാജയപ്പെട്ടതുമില്ല

rahul

പല നിഷേധാത്മകമായ കാര്യങ്ങളുംകണ്ട ഒരു തിരഞ്ഞെടുപ്പാണ് കടന്നുപോയത്. രാഷ്ട്രീയത്തിൽ ധാർമ്മികതയോ സദാചാരമോ ഇല്ലെന്നും പൊതുനയങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്യാനുള്ളതല്ല, കേവലം അധികാര കൈമാറ്റത്തിന്റെ പ്രക്രിയയാണ് തിരഞ്ഞെടുപ്പ് എന്ന പ്രതീതിയും അതുളവാക്കി. ശക്തനായ നേതാവും സംഘടനാബലവും ജനങ്ങളെ വിസ്മയിപ്പിക്കുന്ന തന്ത്രങ്ങളും ആശയവിനിമയ ശേഷിയും അളവില്ലാത്ത സമ്പത്തുമുണ്ടെങ്കിൽ എല്ലാമായി എന്നായിരുന്നു പ്രചാരണം. ഇത് എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ലെന്നാണ് ജനങ്ങൾ അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ സൂചിപ്പിക്കുന്നത്. ഇതെല്ലാം ആവശ്യത്തിലേറെ ഉണ്ടായിരുന്ന എൻ.ഡി.എയ്ക്ക് ഉദ്ദേശിച്ച സീറ്റ് കിട്ടാതിരുന്നതും സ്വന്തംനില മെച്ചപ്പെടുത്താൻ ഇന്ത്യ മുന്നണിക്ക് കഴിഞ്ഞതും ഇതിന്റെ തെളിവാണല്ലോ. ഈ അർത്ഥത്തിൽ ഇന്ത്യാക്കാരുടെ ജനാധിപത്യബോധത്തിന്റെ സാക്ഷ്യപത്രമായി തിരഞ്ഞെടുപ്പ് ഫലം നിൽക്കുന്നു.

മോദി സർക്കാരിന്റെ പ്രവർത്തനത്തിന്റെ യഥാർത്ഥ വിലയിരുത്തലായി മാറിയ തിരഞ്ഞെടുപ്പ് കൂടിയാണിത്. ഭരണഘടന സ്ഥാപനങ്ങളുടെ രാഷ്ട്രീയവത്കരണം, പ്രതിപക്ഷത്തെ അപ്രസക്തമാക്കും വിധമുള്ള പ്രവർത്തനശൈലി,കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ മാറ്റിമറിച്ചത്, പൗരാവകാശങ്ങളുടെ നിഷേധം, വിമതസ്വരങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടന്ന ആക്രമണങ്ങൾ ഇതൊക്കെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച ഘടകങ്ങളാണ്.

ഇതിനെ മോദിയുടെ നേതൃപാടവം കൊണ്ടും ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും സംഘടനാശക്തിയും കാടടച്ചുള്ള പ്രചാരണത്തിലൂടെയും മറികടക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതിൽ ഒട്ടൊക്കെ അവർ വിജയിച്ചു എന്നത് വാസ്തവവുമാണ്. അതുകൊണ്ടാണ് ഭരിക്കാനുള്ള ഭൂരിപക്ഷം മുന്നണിക്ക് ലഭിച്ചത്. എന്നാൽ തങ്ങൾക്ക് 400+ സീറ്റ് ലഭിക്കുമെന്ന അമിതമായ ആത്മവിശ്വാസത്തിൽ അവർ ചില ചരിത്ര വസ്തുതകൾ മറന്നുപോയി- എല്ലാ അധികാരത്തിനും ഒരു പരിധിയുണ്ടെന്ന്, ജനങ്ങളെ വൈകാരികമായി ഇളക്കി അധികനാൾ പിടിച്ചുനിൽക്കാനാവില്ലെന്ന്.

ഏറെ ചെല്ലുംമുമ്പ് ജനങ്ങൾ അവരുടെ ദൈനംദിന ജീവിതത്തിലേക്ക് മടങ്ങിയെത്തും. അതിലെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങും. “മനുഷ്യൻ അപ്പം കൊണ്ടുമാത്രം ജീവിക്കുന്നില്ല' എന്ന മത്തായിയുടെ സുവിശേഷത്തിൽ പറഞ്ഞതിന് ഒരു മറുവശം കൂടിയുണ്ട്. മനുഷ്യൻ അപ്പം ഇല്ലാതെയും ജീവിക്കുന്നില്ല. അതിനു ബുദ്ധിമുട്ട് നേരിടുമ്പോൾ അവർ സ്വന്തം ജീവിതത്തിലേക്കും ഭരണകൂടത്തിന്റെ ചെയ്തികളിലേക്കും തിരിഞ്ഞു നോക്കും. ഇത്തരമൊരു തിരിഞ്ഞുനോട്ടം ഇന്ത്യയിലെ സമ്മതിദായകർ നടത്തി എന്നുവേണം കരുതാൻ.

ബി.ജെ.പി സർക്കാരുകളുടെ പറച്ചിലിനിടയിലൂടെ അവർ യാഥാർത്ഥ്യം കണ്ടു. പറച്ചിലും പ്രവൃത്തിയും തമ്മിലുള്ള അന്തരം മനസിലാക്കി. അവിടെ അഴിമതിയും ദാരിദ്ര്യവും അസമത്വവും തൊഴിലില്ലായ്മയും നീതി നിഷേധവും കോർപ്പറേറ്റ് കൊള്ളയുമുണ്ട്. മറ്റൊരു സുപ്രധാന വസ്തുത കൂടിയുണ്ട്. ഒരു ശരാശരി ഇന്ത്യാക്കാരൻ ബഹുസ്വരതയെയും പൗരാവകാശങ്ങളെയും മാനിക്കുന്നവനാണ്.

അജണ്ട നിശ്ചയിച്ചത് ഇന്ത്യ മുന്നണി

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തിരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിച്ചത് ഇന്ത്യ മുന്നണിയാണ്. കോൺഗ്രസിന്റെ ഇരുപത്തിയഞ്ചിന പരിപാടി മാത്രമല്ല അവർ ഉയർത്തി കാട്ടിയത്. തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികൾ, സംവരണം, ജാതി സെൻസസ് തുടങ്ങിയ കാര്യങ്ങളും ചർച്ചാവിഷയമാക്കി. ഇക്കാര്യങ്ങളിൽ മറുപടി പറയാൻ ബി.ജെ.പി നിർബന്ധിതരായി.

രാഹുലിന്റെ യാത്രകൾ

ഈ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി വഹിച്ച പങ്കും എടുത്തു പറയത്തക്കതാണ്. അദ്ദേഹം ഇന്ത്യയിലുടനീളം നടത്തിയ യാത്രകൾ കോൺഗ്രസ് പാർട്ടിയെ സാധാരണ ജനങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ ഒട്ടൊക്കെ വിജയിച്ചു എന്നുവേണം കരുതാൻ, പ്രത്യേകിച്ച് ഹിന്ദി മേഖലയിൽ. യാത്രയിൽ അദ്ദേഹത്തിന് ഒപ്പം നടന്നവർ, സെൽഫി എടുത്തവർ, കൂടെ ഭക്ഷണം കഴിച്ചവർ ഇതെല്ലാം വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യത്യസ്ത അനുഭവമായി. മോദിയും രാഹുലും തമ്മിലുള്ള അന്തരവും അത് വെളിച്ചത്തു കൊണ്ടുവന്നു. ദേവീദേവന്മാരുടെ ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ ഏകാന്തനായി ഇരിക്കുന്ന മോദിയും ജനമദ്ധ്യേ ഇരിക്കുന്ന രാഹുലും രണ്ട് വ്യത്യസ്ത രാഷ്ട്രീയത്തിന്റെ പ്രതീകങ്ങളായി. ഇതെത്രത്തോളം വോട്ടായി മാറി എന്നതിനെക്കാൾ രാഹുലിന്റെ പ്രതിച്ഛായ പുനർനിർവചിച്ചു എന്നതാണ് പ്രാധാനപ്പെട്ട കാര്യം.

തിരഞ്ഞെടുപ്പ് നൽകുന്ന പാഠം

അമിതമായ ആത്മവിശ്വാസവും അധികാരത്തിന്റെ ഗർവും ജനങ്ങളെയും പ്രതിപക്ഷത്തെയും അവഗണിച്ചു കൊണ്ടുള്ള രാഷ്ട്രീയത്തിനും ജനാധിപത്യത്തിൽ ദീർഘായുസില്ല എന്ന വലിയ പാഠമാണ് തിരഞ്ഞെടുപ്പ് നൽകുന്നത്. ഒപ്പം, യഥാർത്ഥ ജനാധിപത്യം തുടങ്ങുന്നത് തിരഞ്ഞെടുപ്പിന് ശേഷമാണെന്നും അധികാരത്തിൽ ആരുവന്നാലും ജനങ്ങളെ എല്ലാവിധ ചേരിതിരിവുകൾക്കും അപ്പുറം ഒന്നായി കാണുകയും അവരുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാൻ ശ്രമിക്കുകയും വേണം എന്നതും. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം, ഇതാണ് ഭരണഘടനയുടെ മാൻഡേറ്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.