മന്ത്രിസഭ അംഗീകരിച്ചത് ഇന്നലെ
പ്രതിഷേധം: രാത്രി മരവിപ്പിച്ചു
ബംഗളൂരു: കർണാടകത്തിൽ ഐ.ടി ഉൾപ്പെടെ സ്വകാര്യ മേഖലയിലെ ഭൂരിഭാഗം തൊഴിലും തദ്ദേശീയർക്ക് സംവരണം ചെയ്യുന്ന പിന്തിരിപ്പൻ ബിൽ ശക്തമായ എതിർപ്പിനെ തുടർന്ന് മരവിപ്പിച്ച് തലയൂരി സിദ്ധരാമയ്യയുടെ കോൺഗ്രസ് സർക്കാർ. 'മണ്ണിന്റെ മക്കൾ വാദം' നടപ്പാക്കുന്ന ബില്ലിന് മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകിയിരുന്നു. പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നു.
കർണാടക സ്റ്റേറ്റ് എംപ്ളോയ്മെന്റ് ഒഫ് ലോക്കൽ കാൻഡിഡേറ്റ്സ് ഇൻ ഇൻഡസ്ട്രീസ്, ഫാക്ടറീസ് ആൻഡ് എസ്റ്റാബ്ളിഷ്മെന്റ്സ് ആക്ട് - 2024 ഉടൻ നിയമസഭയിൽ അവതരിപ്പിക്കാനായിരുന്നു നീക്കം. ഐ.ടി കമ്പനികളിലും മറ്റും തൊഴിൽ തേടുന്ന ആയിരക്കണക്കിന് മലയാളികൾക്കുൾപ്പെടെ ബിൽ ആശങ്കയുണ്ടാക്കിയിരുന്നു ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണെന്നും ആക്ഷേപം ഉയർന്നു.
സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരെ മാത്രം ആവശ്യമായ ഐ.ടി ഹബ്ബായ ബംഗളൂരുവിൽ നിയമം തിരിച്ചടിയാകുമെന്ന് ഐ.ടി സ്ഥാപനങ്ങളുടെ ദേശീയ ഏജൻസിയായ നാസ്കോം, ഐ.ടി കമ്പനികളുടെ കൂട്ടായ്മയുടെ അദ്ധ്യക്ഷ കിരൺ മജുംദാർ ഷാ തുടങ്ങിയവർ മുന്നറിയിപ്പ് നൽകി. ഐ.ടി കമ്പനികളിൽ മാത്രമല്ല, മാളുകൾ, ആശുപത്രികൾ, ആയുർവേദ കേന്ദ്രങ്ങൾ, ബി.പി.ഒ സ്ഥാപനങ്ങൾ, ഫാക്ടറികൾ എന്നിവിടങ്ങളിൽ തൊഴിൽ കിട്ടാനും തടസമാകും.
കന്നഡിഗ സംവരണം ഇങ്ങനെ
മാനേജ്മെന്റ് തസ്തിക 50%
മറ്റ് ഇടത്തരം തസ്തിക 75%
ഗ്രൂപ്പ് സി, ഡി (ബ്ലൂകോളർ) തസ്തിക 100%
സംവരണം നടപ്പാക്കാത്ത കമ്പനികൾക്ക് 25,000 രൂപ വരെ പിഴ
തദ്ദേശീയരുടെ എണ്ണം തികയുന്നതു വരെ ദിവസം 100 രൂപ പിഴ
സംവരണ യോഗ്യത
15 വർഷം കർണാടകത്തിൽ താമസിച്ചിരിക്കണം
കന്നഡ വിഷയമായി പത്താം ക്ലാസ് പാസാകണം
അല്ലെങ്കിൽ നോഡൽ ഏജൻസിയുടെ കന്നഡ ടെസ്റ്റ് പാസാകണം
യോഗ്യർ ഇല്ലെങ്കിൽ കമ്പനികൾ തദ്ദേശീയരെ പരിശീലിപ്പിക്കണം
ഇതിന് മൂന്ന് കൊല്ലം സമയം
ബംഗളൂരുവിൽ
ഐ.ടി ജീവനക്കാർ 18 ലക്ഷം
മലയാളികൾ 2.18 ലക്ഷം
വൻകിട ഐ.ടി കമ്പനികൾ 8785
മറ്റ് മേഖലകളിലെ മലയാളികൾ 8 ലക്ഷം
''മലയാളികൾക്കുൾപ്പെടെ തൊഴിൽ പരിമിതപ്പെടുത്തുന്നതിനെതിരെ പോരാടും. അപ്രായോഗികമാണ് നിയമം. എം.പിമാരെ കണ്ട് പ്രതിഷേധമറിയിക്കും. കേരളസർക്കാർ ഇടപെടണം
--റജികുമാർ, ബംഗളൂരു കേരള
സമാജം ജനറൽ സെക്രട്ടറി
"നിയമം ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്. പൗരൻമാർക്ക് ഏത് സംസ്ഥാനത്തും വിവേചന രഹിതമായി ജോലി ചെയ്യാൻ അവസരമുണ്ടാകണം
--പി. ശ്രീരാമകൃഷ്ണൻ, നോർക്ക
റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ
മഹാരാഷ്ട്ര,ഹരിയാന, ആന്ധ്ര
സ്വകാര്യമേഖലയിൽ തെലുങ്കർക്ക് 75% സംവരണത്തിന് ആന്ധ്രാപ്രദേശിൽ 2019ലും താഴ്ന്ന തസ്തികകളിൽ ഹരിയാനക്കാർക്ക് 75% സംവരണത്തിന് ഹരിയാന 2023ലും നിയമം കൊണ്ടുവന്നെങ്കിലും ഭരണഘടനാ വിരുദ്ധമാണെന്ന് കാട്ടി അതത് ഹൈക്കോടതികൾ അസാധുവാക്കി. മഹാരാഷ്ട്രയിൽ ശിവസേന- എൻ.സി.പി സർക്കാർ താഴ്ന്ന തസ്തികകളിൽ 2022ൽ മറാഠികൾക്ക് 80% സംവരണത്തിന് തയ്യാറാക്കിയ നിയമം നിയമവകുപ്പ് തളളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |