:മസ്കറ്റ്: ഒമാൻ തീരത്ത് മുങ്ങിയ എണ്ണക്കപ്പലിലെ ജീവനക്കാരായ 9 പേരെ രക്ഷപെടുത്തി ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് തേജ് യുദ്ധക്കപ്പൽ. എട്ട് ഇന്ത്യക്കാരെയും ഒരു ശ്രീലങ്കൻ പൗരനെയുമാണ് രക്ഷപ്പെടുത്തിയത്. കാണാതായ മറ്റുള്ളവർക്കാ.യി തെരച്ചിൽ തുടരുകയാണ്.13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും അടക്കം 16 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്
പ്രാദേശിക സമയം, തിങ്കളാഴ്ച വൈകിട്ട് ഒമാനിലെ ദുകം പ്രവിശ്യയിലെ റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ അകലെ തെക്കുകിഴക്കായിരുന്നു അപകടം. കോമറോസിൽ രജിസ്റ്റർ ചെയ്യപ്പെട്ട ' പ്രെസ്റ്റീജ് ഫാൽക്കൺ" എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞുടൻ ഐ.എൻ.എസ് തേജിനെയും പി 8 ഐ ദീർഘദൂര നിരീക്ഷണ വിമാനത്തെയും ഇന്ത്യൻ നേവി പ്രദേശത്തേക്ക് വിന്യസിച്ചു. ചൊവ്വാഴ്ച രാവിലെ തേജ്, കപ്പലിനെ കണ്ടെത്തിയെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
മോശം കാലാവസ്ഥ രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്. അപകടത്തിന് പിന്നാലെ എണ്ണച്ചോർച്ചയുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. യു.എ.ഇ ആസ്ഥാനമായുള്ള നെറ്റ്കോ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണ് പ്രെസ്റ്റീജ് ഫാൽക്കൺ എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒമ്പതിന് യു.എ.ഇയിലെ ദുബായ് അൽ - ഹംറിയ തുറമുഖത്ത് നിന്ന് യെമനിലെ ഏദൻ തുറമുഖത്തേക്ക് പുറപ്പെട്ടതാണ് കപ്പൽ. ഇന്ന് ഏദനിൽ എത്തിച്ചേരേണ്ടതായിരുന്നു. കടലിൽ തലക്കുത്തനെ പൂർണമായും മുങ്ങിയ നിലയിലാണ് കപ്പലുള്ളത്. സംഭവസമയം കടൽ പ്രക്ഷുബ്ധമായിരുന്നെന്നും ശക്തമായ കാറ്റുണ്ടായിരുന്നെന്നും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |