
ശ്രീനഗർ: ജമ്മു കാശ്മീരിലെ ദോഡ ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് സൈനികർക്ക് വീരമൃത്യൂ. അപകടത്തിൽ മറ്റ് പത്ത് സൈനികർക്ക് സാരമായി പരിക്കേറ്റു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റോഡിലെ മോശം കാലാവസ്ഥയോ നിയന്ത്രണം വിട്ടതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ ജമ്മു കാശ്മീരിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഗുൽമാർഗ് സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് സൈനിക പോർട്ടർമാർ കൊക്കയിലേക്ക് വീണ് മരിച്ചിരുന്നു. ഗുൽമാർഗ് സെക്ടറിലെ അനിത പോസ്റ്റിലേക്ക് പോവുകയായിരുന്ന ലയാഖത്ത് അഹമ്മദ് ദീദാർ (27), ഇഷ്ഫാഖ് അഹമ്മദ് ഖതാന (33) എന്നീ പോർട്ടർമാരാണ് കൊക്കയിലേക്ക് വീണ് മരിച്ചത്. ബാരാമുള്ള സ്വദേശികളായ ഇവരുടെ മൃതദേഹങ്ങൾ രണ്ട് ദിവസത്തെ തെരച്ചിലിന് ശേഷമാണ് കണ്ടെത്താനായത്.
കഴിഞ്ഞ വർഷം മേയിൽ റംബാൻ ജില്ലയിൽ സൈനിക വാഹനം 700 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. ദേശീയ പാത 44ൽ ബാറ്ററി ചഷ്മയ്ക്ക് സമീപമായിരുന്നു അന്നത്തെ അപകടം. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നീ സൈനികരാണ് അന്ന് വീരമൃത്യു വരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |