ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വില്ലുപ്പുരത്തെ ടിവികെ ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പൻ (50) ആണ് ആത്മഹത്യ ചെയ്തത്. അയ്യപ്പൻ മുൻപ് വിജയ് ഫാൻസ് അസോസിയേഷൻ ഭാരവാഹിയായിരുന്നു. ദുരന്തവാർത്തകൾ കണ്ട് അയ്യപ്പൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.
അയ്യപ്പന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. കുറിപ്പിൽ മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കെതിരെ ആരോപണമുണ്ട്. സെന്തിൽ ബാലാജിയുടെ സമ്മർദ്ദം കാരണം കരൂർ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് കുറിപ്പിലുള്ളത്. അയ്യപ്പന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു.
കരൂരിൽ നാല്പത്തിയൊന്നുപേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി.ടി നിർമൽ കുമാർ, കരൂർ ജില്ലാ സെക്രട്ടറി മതിയഴകൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതിൽ മതിയഴകനെ ഇന്നലെ രാത്രിയോടെ അറസ്റ്റു ചെയ്തു. ടിവികെ പ്രസിഡന്റ് വിജയ്ക്കെതിരെ കേസെടുത്തിട്ടില്ല. വിജയ്യെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന പോസ്റ്ററുകൾ കരൂരിൽ പ്രചരിക്കുന്നുണ്ട്. 'ആൾകൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവാണ് വിജയ്, കൊലപാതകിയായ വിജയിയെ ഉടൻ അറസ്റ്റ് ചെയ്യണം', തുടങ്ങിയ പോസ്റ്ററുകളാണ് തമിഴ്നാട് സ്റ്റുഡന്റസ് യൂണിയന്റെ പേരിൽ പ്രത്യക്ഷപ്പെട്ടത്. കരൂർ ദുരന്തത്തെ കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിന് രണ്ട് ടിവികെ പ്രവർത്തകരും ഒരു ബിജെപി പ്രവർത്തകനും അറസ്റ്റിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |