ന്യൂഡൽഹി: ശശി തരൂർ എംപിക്ക് സർപ്രൈസ് സമ്മാനം നൽകി ഫുഡ് വിതരണ കമ്പനിയായ സ്വിഗ്ഗി. തരൂരിന്റെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണ വിഭവമായ ഇഡ്ഡലി സമ്മാനമായി നൽകിയാണ് സ്വിഗ്ഗി ഞെട്ടിച്ചത്. പ്രദേശത്തെ ഏറ്റവും രുചികരമായ ഇഡ്ഡലി തരൂരിന് വിളമ്പാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫോട്ടോ പങ്കുവച്ചുകൊണ്ട് സ്വിഗ്ഗി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ഇഡ്ഡലി എന്നത് 'വേവിച്ച നിരാശ' ആണെന്ന് ഒരു ഇന്റർനെറ്റ് ഉപഭോക്താവ് കുറിച്ചത് ഏറെ വാഗ്വാദങ്ങൾക്കിടയാക്കിയിരുന്നു. കുറിപ്പിൽ ശശി തരൂർ കമന്റ് ചെയ്തത് ചർച്ചകളെ കൂടുതൽ ചൂടുപിടിപ്പിക്കുകയും ചെയ്തു.'ഏറ്റവും മികച്ച ഇഡ്ഡലി ഒരു മേഘമാണ്, ഒരു മന്ത്രണം ആണ്, മനുഷ്യ നാഗരികതയുടെ പൂർണതയെക്കുറിച്ചുള്ള ഒരു പൂർണ സ്വപ്നമാണ്'- എന്നാണ് തരൂർ മറുപടി നൽകിയത്. ദക്ഷിണേന്ത്യൻ വിഭവത്തെ പിന്തുണച്ച തരൂരിന് കയ്യടിച്ച് ഏറെപ്പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സർപ്രൈസുമായി സ്വിഗ്ഗി എത്തിയത്.
സ്വിഗ്ഗിയുടെ പോസ്റ്റ് തരൂർ തന്റെ അക്കൗണ്ടിൽ റീപോസ്റ്റ് ചെയ്യുകയും ചെയ്തു. "എന്റെ ഇഡ്ഡലി പോസ്റ്റ് ഇഷ്ടപ്പെട്ട് അപ്രതീക്ഷിത സമ്മാനം നൽകി എന്നെ അത്ഭുതപ്പെടുത്തിയതിൽ സന്തോഷം! നന്ദി സ്വിഗ്ഗി' എന്നാണ് പോസ്റ്റ് പങ്കുവച്ചുകൊണ്ട് തരൂർ കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |