യാത്ര പോകുമ്പോഴും വയറിളക്കം പോലുള്ള അസുഖങ്ങൾ ഉണ്ടാകുമ്പോഴുമൊക്കെ പൊതു ശൗചാലയങ്ങൾ ഉപയോഗിക്കാൻ നമ്മൾ നിർബന്ധിതരാകും. ദിവസങ്ങളായി വൃത്തിയാക്കാത്ത ടോയ്ലറ്റായിരിക്കും ചിലപ്പോൾ നിങ്ങൾക്ക് ഉപയോഗിക്കേണ്ടിവരിക. വയറിളക്കവും മറ്റും ഉണ്ടെങ്കിൽ ഇതല്ലാതെ വേറെ മാർഗവും പലപ്പോഴും നിങ്ങളുടെ മുന്നിലുണ്ടാകുകയില്ല.
ധൈര്യത്തോടെ ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കാറുണ്ടോ?
പബ്ലിക് ടോയ്ലറ്റുകൾ ചിലപ്പോൾ കാഴ്ചയിൽ വൃത്തിയുള്ളതായി തോന്നാം. എന്നാലും പലർക്കും ടോയ്ലറ്റ് സീറ്റിലിരിക്കുമ്പോൾ അറപ്പും ധൈര്യക്കുറവും തോന്നാറുണ്ട്. ഇതിൽ ഇരുന്നാൽ എന്തെങ്കിലും അസുഖം വരുമോയെന്നായിരിക്കും മിക്കവരുടെയും പേടി.
പൊതു ടോയ്ലറ്റിൽ എന്താണുള്ളത്?
ആരോഗ്യമുള്ള മുതിർന്നവരിൽ ഒരു ലിറ്ററിൽ കൂടുതൽ മൂത്രവും 100 ഗ്രാമിൽ കൂടുതൽ മലവും ദിവസവും ഉത്പാദിപ്പിക്കപ്പെടുന്നു. മലത്തിലൂടെയും മൂത്രത്തിലൂടെയും ബാക്ടീരിയകളും വൈറസുകളും പുറംതള്ളുന്നു, ഇതിൽ ഒരു ഭാഗം ടോയ്ലറ്റിൽ എത്തിച്ചേരുന്നു. ചില ആളുകൾ, പ്രത്യേകിച്ച് വയറിളക്കമുള്ളവർ ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ കൂടുതൽ ദോഷകരമായ സൂക്ഷ്മാണുക്കൾ (ബാക്ടീരിയ, വൈറസുകൾ) പുറത്തുവിടാൻ സാദ്ധ്യതയുണ്ട്.
പൊതു ശൗചാലയങ്ങൾ നിരവധി പേർ ഉപയോഗിക്കാറുള്ളതാണ്. പലതും ദിവസവും വൃത്തിയാക്കുക പോലും ഇല്ല. അതിനാൽത്തന്നെ രോഗാണുക്കൾ കൂടുതൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ടോയ്ലറ്റ് സീറ്റുകളിലും പരിസര പ്രദേശങ്ങളിലും നിരവധി തരം സൂക്ഷ്മാണുക്കൾ ഉണ്ടാകും. ഇത് ഛർദ്ദിയും വയറിളക്കവും അടക്കമുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ടോയ്ലറ്റിൽ ഏറ്റവും കൂടുതൽ അണുക്കളുള്ളത് സീറ്റുകളിലാണോ?
അല്ല. ടോയ്ലറ്റിലെ മറ്റിടങ്ങളെ അപേക്ഷിച്ച് സീറ്റുകളിൽ താരതമ്യേന സൂക്ഷ്മാണുക്കൾ കുറവാണെന്നാണ് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. വാതിൽ പിടികളിലും ടോയ്ലറ്റ് ഫ്ളഷ് ചെയ്യുന്ന ഭാഗത്തൊക്കെ ധാരാളം അണുക്കളുണ്ടാകും. കാരണം മലമൂത്ര വിസർജ്യത്തിന് ശേഷം കൈകഴുകാതെ ആളുകൾ ഈ ഭാഗങ്ങളിൽ സ്പർശിക്കുന്നു. അതിനാൽത്തന്നെ ഇവിടെ അണുക്കൾ കൂടുതലുണ്ടാകും.
തിരക്കേറിയ സ്ഥലങ്ങളിലെ പൊതു ടോയ്ലറ്റുകൾ ആഴ്ചയിൽ നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നു. ചിലത് ഇടയ്ക്കിടെ വൃത്തിയാക്കാറുണ്ട്, എന്നാൽ മറ്റുള്ളവ (പാർക്കുകളിലോ ബസ് സ്റ്റോപ്പുകളിലോ ഉള്ളവ) ദിവസത്തിൽ ഒരിക്കൽ അല്ലെങ്കിൽ വല്ലപ്പോഴും മാത്രമേ വൃത്തിയാക്കാറുള്ളു. അതിനാൽത്തന്നെ വൃത്തിഹീനമായിരിക്കും. മൂത്രത്തിന്റെ ഗന്ധം, മലിനമായ തറ എന്നിവയൊക്കെ ടോയ്ലറ്റ് വൃത്തിയാക്കിയിട്ടില്ലെന്നതിന്റെ സൂചനയാണ് നൽകുന്നത്.
എന്നിരുന്നാലും, ഇതൊന്നുമല്ല ഏറ്റവും വലിയ പ്രശ്നം. ടോയ്ലറ്റുകൾ ഫ്ളഷ് ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതൽ അണുക്കൾ പുറത്തേക്ക് വരുന്നത്. അടച്ചുവയ്ക്കാതെയാണ് പലരും ഫ്ളഷ് ചെയ്യുന്നത്. അതിനാൽത്തന്നെ ചെറിയ തുള്ളികൾ വായുവിലേക്ക് തെറിക്കുന്നു. ഇതിൽ മലത്തിന്റെ അംശവും ഉണ്ടാകും. ഇതുവഴി ബാക്ടീരിയകളും വൈറസുമൊക്കെ പുറത്തെത്തും ഇത്തരത്തിൽ രണ്ട് മീറ്റർ ദൂരത്തിൽ അണുക്കളെത്തുമത്രേ.
രോഗാണുക്കൾ എങ്ങനെ പടരും?
പൊതു ടോയ്ലറ്റുകളിൽ നിന്ന് നിങ്ങൾക്ക് പല വിധത്തിൽ രോഗം പകരാം. ചർമത്തിലൂടെയാണ് കൂടുതലായും രോഗം വരുന്നത്. ടോയ്ലറ്റ് സീറ്റിൽ ഇരിക്കുകയോ ഫ്ളഷ് ചെയ്യുന്ന ഭാഗത്തും മറ്റും തൊടുമ്പോഴുമൊക്കെ ബാക്ടീരിയകൾ ശരീരത്തിലെത്തുന്നു. മുറിവുകളോ മറ്റോ ഉണ്ടെങ്കിൽ രോഗാണുക്കൾ അതുവഴി അകത്തേക്ക് കടക്കുകയാണ് ചെയ്യുന്നത്.
ടോയ്ലറ്റ് ഉപയോഗിച്ചതിനുശേഷം കൈ കഴുകുന്നതിനുമുമ്പ് നിങ്ങളുടെ കണ്ണുകളിലോ വായിലോ സ്പർശിച്ചാൽ അതുവഴിയും രോഗാണുക്കൾ ശരീരത്തിലെത്താം. ടോയ്ലറ്റിനുള്ളിലെ ഹാൻഡ് ഡ്രയറുകളിൽ നിന്നും രോഗാണുക്കൾ ശരീരത്തിലെത്താം. ടോയ്ലറ്റ് സീറ്റ് അടച്ചുവയ്ക്കാതെ ഫ്ളഷ് ചെയ്യുമ്പോൾ മലത്തിന്റെ അംശവും മറ്റും നിങ്ങളുടെ മേൽ എത്താൻ സാദ്ധ്യതയുണ്ട്.
എങ്ങനെ സേഫ് ആയിരിക്കാം
പൊതു ശൗചാലയങ്ങളിൽ നിന്ന് രോഗാണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ടോയ്ലറ്റ് സീറ്റിലിരിക്കുന്നതിന് മുമ്പ്, സീറ്റ് കവറുകളോ, ടോയ്ലറ്റ് പേപ്പറുകളോ വിരിക്കുക. എന്നിട്ട് അതിനുമുകളിൽ ഇരിക്കുക. എപ്പോഴും പബ്ലിക് ടോയ്‌ലറ്റിൽ കയറുമ്പോൾ സീറ്റ് കവർ കൈയിൽ കരുതണം.
ഫ്ളഷ് ചെയ്യുന്നതിന് മുമ്പ് അടയ്ക്കുക. ഇത് രോഗവ്യാപനം പൂർണ്ണമായും തടയുന്നില്ല എന്നത് ശ്രദ്ധിക്കുക. ടോയ്ലറ്റിൽ പോയതിന് ശേഷം സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. എപ്പോഴും സാനിറ്റൈസർ കൈയിൽ കരുതാം. കൈ വൃത്തിയാക്കുക. ടോയ്ലറ്റിലെ ഹാൻഡ് ഡ്രയർ ഉപയോഗിക്കരുത്. അതിനുപകരം പേപ്പർ ഉപയോഗിക്കാം.
പലരും ഫോണുമായിട്ടാണ് ടോയ്ലറ്റിൽ പോകാറ്. അതിനാൽത്തന്നെ ഏറ്റവും കൂടുതൽ അണുക്കൾ വരാൻ സാദ്ധ്യതയുള്ള സാധനമാണിത്. പതിവായി ഫോൺ വൃത്തിയാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |