
ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം ഭയാനകമെന്ന് വിശേഷിപ്പിച്ച് ഇന്ത്യ. ബംഗ്ലാദേശ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യൻ പൗരന്മാർ സംഘം ചേർന്ന് ഭീഷണിപ്പെടുത്തിയെന്ന ബംഗ്ലാദേശ് മാദ്ധ്യമ റിപ്പോർട്ടും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളി. ഇത് തെറ്റായ വാർത്തയാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്.
ബംഗ്ലാദേശിലെ സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ അധികൃതർ ബംഗ്ലാദേശിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ഹിന്ദു യുവാവിനെ കൊന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാഴാഴ്ച മൈമെൻസിംഗ് ജില്ലയിലെ ബലൂക്കയിലാണ് മതനിന്ദ ആരോപിച്ച് ദീപു ചന്ദ്ര ദാസിനെ (25) ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചത്. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവം അന്താരാഷ്ട്ര തലത്തിൽ വിമർശനത്തിന് ഇടയാക്കിയതോടെയാണ് മുഹമ്മദ് യൂനുസ് തലവനായുള്ള ഇടക്കാല സർക്കാർ നടപടികൾ ഊർജ്ജിതമാക്കിയത്. പ്രതികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ തെരച്ചിലിലൂടെ റാപ്പിഡ് ആക്ഷൻ ബറ്റാലിയനാണ് (ആർ.എ.ബി) അറസ്റ്റ്ചെയ്തത്.
ദീപുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ധാക്ക-മൈമൻസിംഗ് ഹൈവേയിലേക്കെത്തിച്ച ശേഷം അക്രമികൾ വീണ്ടും കത്തിച്ചിരുന്നു. കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്ന് യൂനുസ് പറഞ്ഞു. കഴിഞ്ഞ വർഷം ഷെയ്ഖ് ഹസീന സർക്കാർ നിലംപതിച്ച ശേഷം രാജ്യത്ത് ഹിന്ദുക്കൾ അടക്കം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ കുത്തനെ ഉയർന്നെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ആക്രമണങ്ങൾ തടയുന്നതിന് യൂനുസ് ഭരണകൂടം കർശന നടപടി സ്വീകരിക്കുന്നില്ലെന്നും വിവിധ ന്യൂനപക്ഷ സംഘടനകൾ ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |