
വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട അന്വേഷണ ഫയലുകളിൽ നിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോട്ടോ നീക്കി.
എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിന് കഴിഞ്ഞ മാസം യു.എസ് ജനപ്രതിനിധിസഭയും സെനറ്റും അംഗീകാരം നൽകിയിരുന്നു. ഇതുപ്രകാരം വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് തങ്ങളുടെ വെബ്സൈറ്റിലൂടെ ആയിരക്കണക്കിന് രേഖകൾ പുറത്തുവിടുകയായിരുന്നു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട ചിത്രങ്ങളും കത്തുകളും രേഖകളുമൊക്കെയാണ് എപ്‌സ്റ്റീൻ ഫയലുകൾ എന്നറിയപ്പെടുന്നത്.
ഫയലുകളുടെ ആദ്യ ബാച്ച് അപ്‌ലോഡ് ചെയ്ത ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്, 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 16 ഫയലുകളെങ്കിലും വെബ്സൈറ്റിൽ നിന്ന് നീക്കി. വ്യക്തമായ കാരണമൊന്നും നൽകാതെയായിരുന്നു ഡിപ്പാർട്ട്മെന്റിന്റെ നടപടി. എപ്സ്റ്റീനുമൊത്തുള്ള ട്രംപിന്റെ ചിത്രവും നീക്കം ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു.
രേഖകൾ പുറത്തുവിട്ട് സുതാര്യത ഉറപ്പാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ പുറത്തുവന്ന 500ലേറെ പേജുകൾ മറച്ച നിലയിലാണ്. നിരവധി ഫോട്ടോകളിൽ വ്യക്തികളുടെ മുഖം മറച്ചിട്ടുണ്ട്. ഇതും വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.
എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിർണായക വിവരങ്ങൾ അടങ്ങിയ ഫയലുകൾ ഇനിയും പുറത്തുവരാനുണ്ട്. ഇവ പുറത്തുവിടാൻ വൈകുന്നതിനെതിരെ ഡെമോക്രാറ്റിക് പാർട്ടി രംഗത്തെത്തി. എണ്ണക്കൂടുതൽ കാരണം ശേഷിക്കുന്ന ഫയലുകൾ വരും ആഴ്ചകളിൽ ഘട്ടംഘട്ടമായി പുറത്തുവിടുമെന്നാണ് ജസ്‌റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണം.
# ട്രംപ് ആദ്യം എതിർത്തു...
ട്രംപും എപ്സ്റ്റീനും തമ്മിൽ 1980കൾ മുതൽ 15 വർഷം നീണ്ട സൗഹൃദമുണ്ടായിരുന്നെന്ന് കരുതുന്നു. വിരുന്നുകളിലും മറ്റും ഇരുവരും ഒരുമിച്ച് സന്നിഹിതരായിരുന്നു. റിയൽ എസ്റ്റേറ്റ് തർക്കത്തെ തുടർന്ന് 2004ൽ എപ്സ്റ്റീനുമായുള്ള സൗഹൃദം ഉപേക്ഷിച്ചെന്ന് ട്രംപ് പറയുന്നു. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരുന്നതിനെ ആദ്യം ട്രംപ് എതിർത്തെങ്കിലും പിന്നീട് നിലപാട് മാറ്റി.
# എപ്സ്റ്റീൻ - വിവാദങ്ങളുടെ തോഴൻ
ലൈംഗിക കടത്ത്, പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് പെൺകുട്ടികളെ ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടയാൾ
ധനകാര്യ വിദഗ്ദ്ധനും സമ്പന്നനുമായിരുന്ന ഇയാളെ വിചാരണ കാത്തിരിക്കവെ, 2019ൽ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
സമൂഹത്തിലെ ഉന്നതരുമായി എപ്സ്റ്റീന് സൗഹൃദമുണ്ടായിരുന്നു
ഇയാളുടെ മുഖ്യ കൂട്ടാളി കാമുകി ഗീലെയ്ൻ മാക്‌സ്‌വെൽ 20 വർഷത്തെ തടവിന് ജയിലിൽ
# ലിസ്റ്റിൽ പ്രമുഖർ
എപ്സ്റ്റീന്റെ സൗഹൃദ വലയത്തിലുണ്ടായിരുന്ന ഉന്നത രാഷ്ട്രീയ നേതാക്കളുടെയും സെലിബ്രിറ്റികളുടെയും ആയിരക്കണക്കിന് ഫോട്ടോകളും രേഖകളും പുറത്തുവിട്ട ഫയലുകളിലുണ്ട്. യു.എസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, പോപ് ചക്രവർത്തി മൈക്കൽ ജാക്സൺ, എലിസബത്ത് രാജ്ഞിയുടെ മകൻ ആൻഡ്രൂ, ബിൽ ഗേറ്റ്സ്, മിക്ക് ജാഗർ, റിച്ചാർഡ് ബ്രാൻസൺ, കെവിൻ സ്പേസി തുടങ്ങിയവർക്കൊപ്പമുള്ള എപ്സ്റ്റീന്റെ ചിത്രങ്ങൾ പുറത്തുവന്നു.
# ക്ലിന്റണ് സമ്മർദ്ദം
1990കളുടെ അവസാനവും 2000ത്തിന്റെ തുടക്കത്തിലും ബിൽ ക്ലിന്റണും എപ്സ്റ്റീനും തമ്മിലുണ്ടായിരുന്ന അടുത്ത സൗഹൃദം വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങൾ ആദ്യ ബാച്ച് ഫയലുകളിലുണ്ട്. 2002നും 2003നും ഇടയിൽ എപ്സ്റ്റീന്റെ പ്രൈവറ്റ് ജെറ്റിൽ ക്ലിന്റൺ 26 തവണ യാത്ര ചെയ്തെന്നും രേഖകളുണ്ട്.
എന്നാൽ തന്റെ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട യാത്രകളാണിതെന്ന് ക്ലിന്റൺ പറയുന്നു. ക്ലിന്റണെതിരെ ക്രിമിനൽ ആരോപണങ്ങളൊന്നും ഉന്നയിക്കപ്പെട്ടിട്ടുമില്ല. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങൾ തിരിച്ചറിഞ്ഞ ഉടൻ അയാളുമായുള്ള ബന്ധം ക്ലിന്റൺ വിച്ഛേദിച്ചെന്ന് അദ്ദേഹത്തിന്റെ വക്താവ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |