
ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ വിസാ അപേക്ഷ കേന്ദ്രത്തിന്റെ പ്രവർത്തനം ഒരറിയിപ്പുണ്ടാകുംവരെ നിറുത്തിവച്ച് ഇന്ത്യ. ബംഗ്ലാദേശിൽ വിഘടനവാദി നേതാവ് ഷെരീഫ് ഉസ്‌മാൻ ഹാദിയുടെ (32) കൊലപാതകത്തിന്റെ പേരിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് തീരുമാനം. വെള്ളിയാഴ്ച ചിറ്റഗോങ്ങിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മിഷണറുടെ വസതിക്ക് നേരെ അക്രമികൾ കല്ലേറ് നടത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ ധാക്കയിലെ വിസാ അപേക്ഷ കേന്ദ്രം ഇന്ത്യ നേരത്തെ അടച്ചിരുന്നു.
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് കാരണമായ ജെൻ സി വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായ ഹാദിക്ക് 12നാണ് വെടിയേറ്റത്. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ ഇയാൾ വ്യാഴാഴ്ച മരിച്ചു. പിന്നാലെ രാജ്യത്ത് കലാപവും വ്യാപക അക്രമങ്ങളും പൊട്ടിപ്പുറപ്പെടുകയായിരുന്നു.
ഹാദിയെ വെടിവച്ചെന്ന് കരുതുന്ന അവാമി ലീഗ് പാർട്ടി പ്രവർത്തകനെ പിടികൂടാനായിട്ടില്ല. ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങളിലൂടെ പ്രകോപനം സൃഷ്ടിച്ചയാളാണ് ഹാദി. അതേ സമയം, ഹാദിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും ഹാദിയുടെ പാത പിന്തുടരുമെന്നും ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് പറഞ്ഞു. ശനിയാഴ്ച ഹാദിയുടെ സംസ്കാരച്ചടങ്ങിനിടെയായിരുന്നു യൂനുസിന്റെ പ്രതികരണം.
വീടിന് തീയിട്ടു, ഏഴു വയസുകാരിക്ക് ദാരുണാന്ത്യം
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) നേതാവിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിനിടെ ഏഴു വയസുകാരിയായ മകൾക്ക് ദാരുണാന്ത്യം. ലക്ഷമിപ്പൂർ സദറിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബെലാൽ ഹുസൈൻ എന്ന പ്രാദേശിക നേതാവിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. അക്രമികൾ വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. ബെലാലിനും മറ്റ് രണ്ട് പെൺമക്കൾക്കും പരിക്കേറ്റു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |